തൃശൂർ: കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ബി. അശോകനെതിരെ ഭരണസമിതി അംഗങ്ങൾ. സർവകലാശാലയിലെ വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ച തീരുമാനം വിസി ഏകപക്ഷീയമായി സ്വീകരിച്ചതാണെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി ആലോചിക്കാതെയാണ് ഉത്തരവിറക്കിയതെന്നും അംഗങ്ങൾ വ്യക്തമാക്കി.
സെപ്തംബർ 3-ന് ‘എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉത്തരവിൻ പ്രകാരം’ എന്ന രീതിയിൽ രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവ് തെറ്റാണ്. 30-08-2025ന് ഓൺലൈനായി ചേർന്ന കമ്മിറ്റിയിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലന്നും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ അറിയിച്ചു. നിലവിലുള്ളതിൻ്റെ മൂന്ന് ഇരട്ടിയോളം ഫീസ് വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി ആലോചിക്കാതെ വരുത്തിയ വർധന പിൻവലിക്കണമെന്നും അംഗങ്ങൾ ആവശ്യമുന്നയിച്ചു. ഒരു കാരണവശാലും അന്യായ ഫീസ് വർധന അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ പി. പി. സുമോദ് എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു.
വിദ്യാർഥികളുടെ തലയ്ക്ക് മേൽ ഭാരം ചാർത്തിയിട്ടല്ല, അത്തരമൊരു നിലപാട് എടുക്കേണ്ടത്. വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനം എടുത്താൽ മതിയെന്ന് പറഞ്ഞതാണ്. എന്നിട്ടും ആരോടും ആലോചിക്കാതെ തീരുമാനം എടുക്കുകയാണ് ഉണ്ടായത്. തീരുമാനം പിൻവലിക്കാനുള്ള എല്ലാ ശ്രമങ്ങളും ഭരണതലത്തിൽ ഉണ്ടാകുമെന്ന് സുമോദ് അറിയിച്ചു. ഏകാധിപത്യ തീരുമാനമാണ് എടുത്തത്. അത് എന്തായാലും ഇവിടെ നടപ്പാകില്ലെന്നും സുമോദ് കൂട്ടിച്ചേർത്തു.