സ്കൂളുകളിലെ സൂംബ ഡാൻസ് നടപ്പാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ മുസ്ലീം സംഘടനകളുടെ എതിർപ്പ് തള്ളി സർക്കാർ. എതിർപ്പുകൾ ലഹരിയേക്കാൾ വിഷമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മന്ത്രി പറഞ്ഞതാണ് കൂടുതൽ വർഗീയമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ തിരിച്ചടിച്ചു. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ വാദികൾക്ക് ഇന്ധനം നൽകുന്ന തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കരുത് എന്ന് വി.ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സൂംബ വിവാദത്തിൽ എംഎസ്എഫ് നിലപാട് ഏറ്റുപിടിക്കാൻ കെ എസ് യു തയ്യാറായില്ല.
സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കുന്നതിനെതിരെ സമസ്തയും വിസ്ഡവും എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അൽപവസ്ത്രം ധരിച്ച് മേനിയഴക് പ്രകടിപ്പിക്കാനാണ് സൂംബാ പരിശീലനമെന്നാണ് സമസ്ത ഉയർത്തിയ ആക്ഷേപം. ഇതിനാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കണിശമായ ഭാഷയിൽ മറുപടി നൽകിയത്. ഇത്തരം എതിർപ്പുകൾ ലഹരിയെക്കാൾ മാരകമായ വിഷം സമൂഹത്തിൽ കലർത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികൾ യൂണിഫോമിൽ ആണ് പരിശീലനം നടത്തുന്നത്. കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഇസ്ലാം മതത്തിൻ്റെ കുപ്പായമണിഞ്ഞ തനിയാഥാസ്ഥിതികരായ ചില പണ്ഡിതന്മാരാണ് എതിർപ്പുമായി വരുന്നതെന്നും ആ അൽപ്പന്മാരുടെ സമ്മർദ്ദത്തിന് സർക്കാർ വിധേയമാകരുതെന്നും സ്പീക്കർ എ എൻ ഷംസീർ കടുത്ത നിലപാട് എടുത്തു.
എതിർപ്പുകൾ ലഹരിയേക്കാൾ വിഷമാണെന്ന മന്ത്രിയുടെ പ്രസ്താവനയോട് രോഷത്തോടാണ് സമസ്ത പ്രതികരിച്ചത്. മന്ത്രി പറഞ്ഞത് മുസ്ലീം സംഘടനകളോടുള്ള പൊതുസമൂഹ ആഖ്യാനമാണെന്നും ഇതാണ് കൂടുതൽ വർഗീയമെന്നും എസ് വൈ എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ തുറന്നടിച്ചു.ഇസ്ലാമിക ശരിയത്തിന് എതിരായ രീതികളെ ശക്തമായ എതിർക്കുമെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലീയാർ പറഞ്ഞു.
വിഷയത്തിൽ സർക്കാരിനെ പ്രതിരോധിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്തെത്തി. ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകിയും മനസ്സിലാക്കിയും വളരുമ്പോഴേ പുരോഗമനം ഉണ്ടാകൂവെന്ന് എം എ ബേബി പറഞ്ഞു. വിവാദമുണ്ടാക്കുന്നവർക്ക് മാനസിക അൽപ്പത്തരമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം.ശിവപ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കരുതെന്ന മൃദുനിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ കാലത്ത്, അതിനൊന്നും ഇന്ധനം പകർന്ന് കൊടുക്കരുതെന്നും സതീശൻ പറഞ്ഞു.ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞുവീഴുമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് സന്ദീപ് വചസ്പതി. മുസ്ലീം സംഘടനകളും സർക്കാരും നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതോടെ സൂംബാ വിവാദം ഇനിയും കത്തിപ്പടരുമെന്ന് ഉറപ്പാണ്.