

കൊച്ചി: ബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ പാസ്വേഡ് ആവശ്യപ്പെട്ട പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. മൊബൈൽ ഫോണിന്റെ പാസ്വേഡ് നൽകാൻ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
മൊബൈൽ ഫോണിന്റെ പാസ്വേഡ് പങ്കുവയ്ക്കുന്നത് പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം നൽകുന്ന നടപടിയായി കണക്കാക്കാനാകില്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. പാസ്വേഡ് എന്നത് അന്വേഷണത്തിന് ആവശ്യമായ തെളിവുകളിലേക്ക് എത്താനുള്ള ഒരു സൂചന മാത്രമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മൊബൈൽ ഫോണിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് പൊലീസ് പാസ്വേഡ് ആവശ്യപ്പെട്ടതെന്ന് സർക്കാർ വ്യക്തമാക്കി. പാസ്വേഡ് നൽകുന്നതിലൂടെ പ്രതി സ്വയം കുറ്റം തെളിയിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള മാർഗം മാത്രമാണ് അതെന്നും സർക്കാർ വാദിച്ചു.
മൊബൈൽ ഫോണിലെ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകാമെന്നിരിക്കെ പാസ്വേഡ് നൽകുന്നത് തടയണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ പാസ്വേഡ് ആവശ്യപ്പെടുന്ന പൊലീസിന്റെ നടപടിക്കെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചത്. പാസ്വേഡ് നൽകാൻ നിർബന്ധിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.