'ഗവർണറുടെ അധികാരങ്ങൾ, ഇലക്ട്രല്‍ ബോണ്ട്, റിസോർട്ട് പൊളിറ്റിക്സ്'; പരിഷ്കരിച്ച 10ാം ക്ലാസ് പാഠപുസ്തകം അംഗീകരിച്ച് കരിക്കുലം കമ്മിറ്റി

ഈ അധ്യയന വർഷത്തെ 10ാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി Source: Facebook/ V Sivankutty
Published on

ഗവർണറുടെ അധികാരങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. ഇന്ന് ചേർന്ന് 58ാമത് സംസ്ഥാന സ്കൂള്‍ കരിക്കുലം കമ്മിറ്റിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് അംഗീകാരം നൽകിയത്.

ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഈ അധ്യയന വർഷത്തെ പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. 'ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം' എന്ന അധ്യായത്തിലാകും ഈ ഭാഗമുണ്ടാകുക. അടുത്തവർഷം പ്ലസ് വൺ, പ്ലസ് ടു പാഠഭാഗങ്ങളിൽ കൂടി ഉൾപ്പെടുത്തും.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ഹൈക്കോടതി; കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേയില്ല

അടയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറർ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോർട്ട് പൊളിറ്റിക്‌സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കും. പുതിയ പാഠപുസ്തകങ്ങൾ മൂന്നാഴ്ചയ്ക്കകം അച്ചടിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്കു മുമ്പു തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

നേരത്തെ ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആയതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം തന്നെ ഉൾപ്പെടുത്തുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചത്.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങില്‍ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് മന്ത്രി പരിപാടി ബഹിഷ്കരിച്ചതിനു പിന്നാലെയായിരുന്നു പുതിയ തീരുമാനം. ഗവർണർ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയ മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കാട്ടി രാജ്‌ഭവന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ വലിയതോതിലുള്ള സർക്കാർ-ഗവർണർ പോരാണ് നടന്നത്. പിന്നാലെ, ഗവർണറുടെ അധികാരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com