
'ഭാരതാംബ' ചിത്രവിവാദത്തിൽ കേരള സർവകലാശാല വൈസ് ചാന്‍സലർ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് കോടതി ചോദിച്ചു. സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് രജിസ്ട്രാർ കെ.എസ്. അനില്‍ കുമാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിസിയോട് വിശദമായ മറുപടി സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിസിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അവകാശമില്ലെന്ന് ഹർജിക്കാരൻ കോടതിയില്‍ വാദിച്ചു. വൈസ് ചാൻസലർ അടക്കമുള്ള എതിർകക്ഷികളുടെ മറുപടി കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർവകലാശാല ഹാളിൽ പ്രദർശിപ്പിച്ച മതചിഹ്നമുളള ചിത്രം എന്താണെന്നും ഭാരതാംബ എങ്ങനെ മതചിഹ്നമാകും എന്നും കോടതി ചോദിച്ചു. അത്തരമൊരു ചിത്രം വെച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നം ആണ് ഉണ്ടാകാൻ പോകുന്നത് എന്നായി കോടതി. ക്രമസമാധാന പ്രശ്നങ്ങള്‍ എപ്പോഴും ഉള്ളതല്ലേ എന്നും ചൂണ്ടിക്കാട്ടി. ചിത്രം കണ്ടപ്പോൾ ഹിന്ദു ദേവതയായിട്ടാണ് സെക്യൂരിറ്റി ഓഫീസർക്ക് തോന്നിയതെന്നാണ് ഹർജിക്കാരൻ മറുപടി നല്‍കിയത്. വാദം കേട്ട കോടതി സസ്പെഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രജിസ്ട്രാറുടെ ആവശ്യം അംഗീകരിച്ചില്ല.
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച 'അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ' പരിപാടിയിലാണ് 'ഭാരതാംബ' ചിത്രം വെച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട രജിസ്ട്രാർ വേദിയിലേക്ക് എത്തുകയും ചിത്രം മാറ്റണമെന്നും പരിപാടി നിർത്തണമെന്നും സംഘാടകരോട് ആവശ്യപ്പെട്ടു.
ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ സെനറ്റ് ഹാളിലേക്ക് തള്ളിക്കയറി. ഇത് അവഗണിച്ച് ഗവർണർ ചടങ്ങിൽ പങ്കെടുത്തു. 'ഭാരതാംബ' ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തിയാണ് പരിപാടി ആരംഭിച്ചത്.
ചിത്രം വേദിയിൽ വച്ചിരിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടാണ് കേരള സർവകലാശാല രജിസ്ട്രാർ സ്വീകരിച്ചത്. നിയമാവലിയിൽ അത് പ്രതിപാദിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ പാലിക്കുമെന്ന് സംഘാടകർ ഒപ്പിട്ടു നൽകിയിരുന്നതായും രജിസ്ട്രാർ ചൂണ്ടിക്കാട്ടി. തുടർന്ന് സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റദ്ദാക്കി ഗവർണറോട് അനാദരവ് കാണിച്ചെന്ന് വിമർശിച്ച് റജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്യുകയായിരുന്നു.