ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്

ആഭ്യന്തര സെക്രട്ടറിയും പൊലീസ് - ജയിൽ വകുപ്പ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ചാട്ടത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്
മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്Source: Facebook
Published on
Updated on

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമായിരിക്കെ, മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. ആഭ്യന്തര സെക്രട്ടറിയും പൊലീസ് - ജയിൽ വകുപ്പ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ചാട്ടത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ആരും സഹായിച്ചിട്ടില്ലെന്ന പ്രതിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഗോവിന്ദച്ചാമിയെ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. സുരക്ഷാ വീഴ്ചയിൽ ജയിൽ സൂപ്രണ്ടിനെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്.

ജയിൽ ചാടിയതിന് 14 ദിവസത്തേക്കാണ് ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് രക്ഷപ്പെട്ടതെങ്കിലും ഇന്നലെ ഗോവിന്ദച്ചാമിയെ പാർപ്പിച്ചത് ആ ജയിലിൽ തന്നെയായിരുന്നു. കോടതി നടപടികൾ വൈകിയതിനാലാണ് ഒരു രാത്രി കൂടി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ തുടർന്നത്. ഇന്ന് ഉച്ചയോടെ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്
ശരീരഭാരം കുറയ്ക്കാൻ ചോറൊഴിവാക്കി, സെല്ലിന്റെ കമ്പികൾ ഉപ്പുവെച്ച് തുരുമ്പിപ്പിച്ചു; ജയിൽചാട്ടം കൃത്യമായ പ്ലാനിങ്ങോടെ

സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം സെല്ലിൽ പതിവ് പരിശോധന നടത്തിയിരുന്നില്ല. സെല്ലിലെ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആറ് മാസമായി ജയിലിന്റെ മതിലിലെ ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഈ സുരക്ഷ വീഴ്ചകൾ ഗോവിന്ദച്ചാമിക്ക് സഹായകമാവുകയും ചെയ്തു എന്നാണ് വിലയിരുത്തൽ. സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്തിരുന്നു. അതീവസുരക്ഷയുള്ള ജയിലിൽ സിസിടിവി ഉണ്ടായിരുന്നില്ലേ, ഉണ്ടെങ്കിൽ അത് രാത്രിയിൽ പരിശോധിക്കാനാളില്ലേ, മതിൽ ചാടാൻ കൂട്ടിക്കെട്ടിയ വസ്ത്രങ്ങൾ എവിടെ നിന്ന് കിട്ടി, ഫെൻസിങിൽ വൈദ്യുതിയില്ലാതിരുന്നത് എന്തുകൊണ്ട്, രാത്രി സമയത്ത് ജയിൽ പരിസരത്ത് പട്രോളിങ് ഇല്ലേ, ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതര്‍ അറിയാൻ വൈകിയത് എന്തുകൊണ്ട് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾക്കാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരും ജയിൽ വകുപ്പും മറുപടി നൽകേണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com