തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടികളില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. സഭാ നടപടികളില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നും മണ്ഡലത്തിലേക്ക് പോകുന്നതിനെ എതിര്‍ക്കരുതെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം പാര്‍ട്ടി നടപടി എടുത്തില്ലായിരുന്നുവെങ്കില്‍ മുഖം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു എന്നാണ് സതീശന്‍ പക്ഷത്തിന്റെയും ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്.
ലൈംഗിക ആരോപണ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെതിരെ ആദ്യം വാളെടുത്തത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആണ്. ഉചിതമായ നടപടി ഉണ്ടാകുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം കൂടിയാലോചനകള്‍ക്ക് ഒടുവില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. രാഹുലിന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ധൃതി പിടിച്ചുള്ള നടപടിയെന്നാണ് എ ഗ്രൂപ്പ് വാദം. വിവാദങ്ങള്‍ ഉയര്‍ന്ന ഈ സമയം വരെയും ഒരാള്‍ പോലും രാഹുലിനെതിരെ നിയമപരമായ പരാതികളുമായി രംഗത്തെത്തിയിട്ടില്ല.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലും പരാതികളില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുന്നത് അടക്കം ഒന്നും അംഗീകരിക്കാന്‍ ആകില്ല. എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുലിന് അവസരം നല്‍കണം. അതിനായി രാഹുലിനെതിരെയുള്ള പൊതു പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും ആണ് ആവശ്യം.
ഈ തീരുമാനത്തിന് പിന്നാലെയാണ് പല നേതാക്കളും ഭയപ്പെട്ടത്. രാഹുലിന് എതിരെയുള്ള വിമര്‍ശനം പാര്‍ട്ടിക്കെതിരെയുള്ള വിമര്‍ശനമാണ് എന്ന് പ്രവര്‍ത്തകരെ ബോധിപ്പിച്ചുകൊണ്ട് പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഒപ്പം ലൈംഗിക ആരോപണ കേസുകളില്‍ അറസ്റ്റില്‍ ആയ ഇടതുപക്ഷത്തെ എംഎല്‍എമാര്‍ പോലും സഭയില്‍ എത്തുമ്പോള്‍ രാഹുലിനെ എന്തിന് മാറ്റി നിര്‍ത്തണം എന്നുള്ള മറു ചോദ്യവും ഉന്നയിക്കുന്നുണ്ട്.
അതേസമയം, നിയമസഭയില്‍ രാഹുല്‍ എത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സഭയിലെത്തിയാല്‍ ഭരണപക്ഷ പ്രതിഷേധം നേരിടേണ്ടി വന്നാല്‍ അതിനെ യുഡിഎഫ് കൈയും കെട്ടി നോക്കി ഇരിക്കില്ല. പാര്‍ട്ടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ തിരിച്ചും പ്രതിഷേധിക്കും. ഇതിനിടെ രാഹുലിനെതിരെയുള്ള കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പരാതിക്കാരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.