തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയിലെ തുറന്നുപറച്ചിലിൽ അന്വേഷണം. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രോഗികളുടെ ബന്ധുക്കളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പണം വാങ്ങിയാണ് ശസ്ത്രക്രിയകൾ മുടക്കമില്ലാതെ നടത്തിയിരുന്നതെന്നാണ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നിരുന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാൻ തന്നെയാണ് തീരുമാനമെന്നും ഡോക്ടർ പറഞ്ഞിരുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ഒരു വർഷം മുൻപ് പരാതി അറിയിച്ചിരുന്നെന്നും ഡോക്ടർ ആവർത്തിച്ചു. അതേസമയം, യൂറോളജി വിഭാഗം മേധാവി ഉന്നയിച്ചത് സംവിധാനത്തിന്റെ ആകെ പ്രശ്നമാണെന്ന് സമ്മതിച്ച ആഗോഗ്യമന്ത്രി, പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും വിശദീകരിച്ചിരുന്നു. ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഎംഇ ഇന്നലെ പറഞ്ഞെങ്കിലും അതുണ്ടാകില്ലെന്നാണ് സൂചന. ഡോക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെ ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.