ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി നാളെ

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി
unnikrishnan potty
Published on
Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയാണ് വിധി പറയാനായി മാറ്റിയത്. പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശിൽപ്പ കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ചിരുന്നു. അതിനാൽ കട്ടിളപ്പാളി കേസിലും കൂടി ജാമ്യം ലഭിച്ചാൽ പോറ്റി ജയിൽ മോചിതനാകും. ഉച്ചയ്ക്ക് ശേഷം വിധി ഉണ്ടായേക്കുമെന്നാണ് സൂചന.

2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജനുവരി 21നാണ് ദ്വാരപാലക ശിൽപ്പ കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചത്. 2025 നവംബർ മൂന്നിനാണ് കട്ടിളപ്പാളി കേസിൽ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ മൂന്ന് പ്രതികൾക്കാണ് ഇതുവരെ വിജിലൻസ് കോടതി ജാമ്യം നൽകിയത്. ശബരിമല മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്. ശ്രീകുമാറും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറുമാണ് ഇതുവരെ ജയിൽ മോചിതരായത്.

unnikrishnan potty
"ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവ്, ഇരകളെ വേട്ടയാടുന്നു"; സുപ്രീം കോടതിയിൽ അഡിഷണൽ അഫിഡവിറ്റ് സമർപ്പിച്ച് രാഹുൽ കേസിലെ അതിജീവിത

അതേസമയം, കേസിൽ മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് ഇഡിയുടെ കണ്ടെത്തൽ. 2019-25 കാലയളവിൽ സ്വത്തുക്കളിൽ വൻവർധനയെന്നും കണ്ടെത്തലുണ്ട്.

ശബരിമലയിലെ മറ്റ് ക്രമക്കേടുകളിൽ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. എന്നാൽ അനധികൃതമായി താൻ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും പോറ്റിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബു കഴിഞ്ഞ ദിവസം ഇഡിക്ക് മൊഴി നൽകിയത്. തൻ്റെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാമെന്നും മുരാരി ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേസിലെ ചോദ്യം ചെയ്യലിനായി മുരാരി ബാബു ഇ.ഡിക്ക് മുന്നിൽ ഹാജരായത്. ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ​ഹാജരായത്. ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. കേസിൽ സ്മാർട്ട് ക്രിയേഷൻ ഉടമകൾ അടക്കം 12 പേർക്ക് ഇ.ഡി സമൻസ് നൽകിയിട്ടുണ്ട് എന്നാണ് വിവരം. സ്വർണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കുകയാണ് ഇ.ഡി. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com