
വടക്കന്‍ കേരളത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ടുമാണ്.
അതേസമയം കോഴിക്കോട് ജില്ലയില്‍ മഴ തുടരുകയാണ്. മാവൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ചാത്തമംഗലം, കൊടിയത്തൂര്‍, മാവൂര്‍ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്ക ഭീഷണി. താഴ്ന്ന ഭാഗങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയിരുന്നു. പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ട്.
പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. മാവൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന സംരക്ഷണഭിത്തി ഇടിഞ്ഞ് വീഴുകയും ചെയ്തു. നാല് മീറ്റര്‍ ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്.
അതേസമയം വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യവുമുണ്ട്. കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ചെറിയ വാഹനങ്ങള്‍ മാത്രമാണ് പ്രദേശത്തുകൂടി കടന്നുപോകുന്നത്. ചുരത്തിലെ പത്താംവളവിലാണ് മണ്ണിടിച്ചിലുണ്ടായത്.