

തിരുവനന്തപുരം: കേരളത്തിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. ഈ സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടത്.
രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒഴികെ യെല്ലോ അലേർട്ടാണ് ഉള്ളത്. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ഇന്ന് മുതൽ ജൂലൈ ആറ് വരെയാണ് മഴ മുന്നറിയിപ്പുള്ളത്. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
നാളെ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലര്‍ട്ടുമുണ്ട്.
അതേസമയം, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. രാത്രി 11.30 വരെ 2.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാനും നിർദേശം.