സംസ്ഥാനത്ത് സ്കൂൾ ബാഗുകളുടെ ഭാരം നിശ്ചയിക്കുന്ന കൃത്യമായ മാർഗ നിർദേശമുണ്ടെങ്കിലും വിദ്യാർഥികൾ ചുമക്കുന്നത് അമിതഭാരമാണ്. ഒരു കുട്ടിയുടെ ശരീരഭാരത്തിൻ്റെ 10 ശതമാനം മാത്രമായി ബാഗുകളുടെ തൂക്കം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരട്ടിയിധികം ചുമക്കുന്ന വിദ്യാർഥികളുണ്ട്. അമിതഭാരം തോളിൽ എടുക്കുന്നത് കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കാണമാകുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
2020 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്കായി സ്കൂൾ ബാഗുകളുടെ തൂക്കത്തിന് നയം തയ്യാറാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയും സമാന നിർദേശങ്ങൾ നൽകുന്നുണ്ട്. ഒരു വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനം മാത്രമേ ബാഗിന് ഭാരം ഉണ്ടാകാൻ പാടുകയുള്ളൂ. പതിനഞ്ച് ശതമാനത്തിൽ കൂടിയാൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. പ്രീ പ്രൈമറിയിൽ സ്കൂൾ ബാഗ് പോലും പാടില്ല.
ബാഗിൻ്റെ ഭാരം കുറയ്ക്കാനും നയത്തിൽ നിർദേശങ്ങൾ പലതുണ്ട്. വലിപ്പം കൂടുതലുള്ള ബാഗുകൾ ഉപേക്ഷിക്കണം, ടെക്സ്റ്റ് ബുക്കുകൾ പങ്കുവെക്കണം, ഡിജിറ്റൽ പഠന സംവിധാനങ്ങൾ ഉപയോഗിക്കണം, ഹോം വർക്കുകൾക്ക് പകരം വർക്ക് ഷീറ്റുകൾ നൽകണം, ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് സ്കൂളിൽ സൗകര്യമൊരുക്കണം, ഭക്ഷണ പാത്രം നൽകുന്നതിലും ഭാരശ്രദ്ധ വേണം, പഠനോപകരണങ്ങൾക്ക് പുറമെ മറ്റൊന്നും ബാഗിൽ പാടില്ല, എന്നിങ്ങനെ നീളുന്നു നിർദേശങ്ങൾ. ഓരോ സ്കൂളിലും എല്ലാ മാസവും ബാഗിന്റെ ഭാരം അളക്കണമെന്നും ഇതിനായി ക്ലാസുകളിൽ വെയിറ്റ് രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. പക്ഷേ പ്രാവർത്തികമായിട്ടില്ല. അമിതഭാരം ചുമക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാകുന്നു.