
കൊച്ചി: കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ ഗവര്‍ണറുടെ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.
സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താൽക്കാലിക വിസിമാരെ നിയമിക്കാമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്. ഇതോടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി സിമാർ പുറത്താകും.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടരുത്. വിസിമാര്‍ക്ക് സര്‍വകലാശാലകളില്‍ സുപ്രധാന പങ്ക്. വിസിമാര്‍ സര്‍വകലാശാല താല്‍പ്പര്യം സംരക്ഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
മനസര്‍പ്പിച്ചല്ല ചാന്‍സലറുടെ തീരുമാനം. മുന്‍കാല വിധിന്യായങ്ങള്‍ ഗവര്‍ണര്‍ പരിഗണിച്ചില്ല. താല്‍ക്കാലിക വിസി നിയമനം താല്‍ക്കാലിക സംവിധാനമാണ്. താല്‍ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ല. സര്‍വകലാശാല കാര്യങ്ങളിലെ കാവല്‍ക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് സര്‍വകലാശാല താല്‍പ്പര്യമല്ല. അക്കാദമിക്- ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ തമ്മിലുള്ള പാലമാണ് വിസി. അത് സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് നടത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.