

കൊച്ചി: മാനസിക രോഗം ഒരു പാപമല്ല. അങ്ങനെ മുദ്ര കുത്തുന്നതോടെ അവർ അന്തസ് നഷ്ടപ്പെട്ട് സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. ഇരുളിന്റെ വാതിൽ തുറന്ന് ജീവിതമെന്ന ഉത്സവം ആസ്വദിക്കാൻ അവരെ സഹായിക്കേണ്ട കടമ നമുക്കുണ്ട്. അതിനാൽ, അവരെ ഹൃദയത്തോട് ചേർത്തു പിടിച്ച് മുഖ്യധാരയിലേക്ക് എത്തിക്കണമെന്ന് പറഞ്ഞത് ഹൈക്കോടതിയാണ്.
സുഗതകുമാരിയുടെ പാവം മാനവ ഹൃദയമെന്ന കവിതയിലെ ഈ വരികൾ കുറിച്ചിട്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മാനസിക വെല്ലുവിളി നേരിടുന്നവരുടെ വോട്ടവകാശം സംബന്ധിച്ച ഹർജി തീർപ്പാക്കിയത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെയടക്കം വോട്ട് പ്രത്യേക വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഹർജി കോടതി തള്ളുകയും ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്നവരും രാജ്യത്തിലെ പൗരന്മാരാണ് . പാല ‘മരിയാ സദന’ത്തിലെ അന്തേവാസികളുടെ വോട്ട്, ചാലഞ്ച് വോട്ടായി മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. തെളിവിന്റെ കണികപോലുമില്ലാതെയും മരിയാസദനത്തിന്റെ പ്രതിനിധികളെ കക്ഷി ചേർക്കാതെയും നൽകിയ ഹർജി, അന്തേവാസികൾക്ക് അപമാനമുണ്ടാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനോനില തെറ്റിയവരെന്ന് കോടതി സാക്ഷ്യപ്പെടുത്തിയവരെ വോട്ടർ പട്ടികയിൽ ചേർക്കേണ്ടതില്ലെന്ന് കേരള മുനിസിപ്പാലിറ്റി ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും എതിർകക്ഷികളെ കേൾക്കുക പോലും ചെയ്യാതെ ഇതു വിലയിരുത്തുന്നത് ഉചിതമല്ലെന്നും കോടതി പറഞ്ഞു.