
പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി. പെട്രോള്‍ ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടയുകയും ചെയ്തു.
പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായാണ് പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളെ പൊതു ശൗചാലയങ്ങളുടെ ഗണത്തില്‍പ്പെടുത്തിയത് എന്നായിരുന്നു നഗരസഭ വിശദീകരിച്ചത്.
പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും തിരുവനന്തപുരത്തേയും തൊടുപുഴയിലെയും ചില പമ്പുടമകള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി വിധി. പൊതു ടോയ്‌ലറ്റ് എന്ന് ബോര്‍ഡ് വെച്ച നഗരസഭയുടെ ബോര്‍ഡുകള്‍ പിന്‍വലിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പമ്പുകളോട് അനുബന്ധിച്ച് ഉള്ളത് സ്വകാര്യ ടോയ്‌ലറ്റ് ആണെന്നും ഇത് പൊതു ശുചിമുറികളായി മാറുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണ് എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. തിരുവനന്തപുരം നഗരസഭയും മറ്റുചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ദൂരയാത്രകളില്‍ സ്ത്രീകളും കൂടെയുണ്ടാകുമ്പോള്‍ സുരക്ഷിതമായി നിര്‍ത്തിക്കൊടുക്കാന്‍ പറ്റുന്ന സ്ഥലമാണ് പെട്രോള്‍ പമ്പുകള്‍. അത് എല്ലാവര്‍ക്കും കൂടി തുറന്നു കൊടുക്കണമെന്നാണ് പൊതു ജനം പ്രതികരിക്കുന്നത്. പൊതു ശൗചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പെട്രോല്‍ പമ്പുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്നത് ശരിയല്ലെന്നും ജനങ്ങള്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.