എറണാകുളം: മഹാത്മാ ഗാന്ധി പ്രതിമയിൽ സൺഗ്ലാസ് വെച്ച വിദ്യാർഥിക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. ആലുവ ഭാരത്‌മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർഥിക്കെതിരെ എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. കണ്ണട വെപ്പിക്കുകയും കഴുത്തിൽ റീത്ത് വെക്കുകയും ചെയ്ത വിദ്യാർഥിയുടെ നടപടി നിർഭാഗ്യകരമാണെങ്കിലും നിയമവിരുദ്ധമല്ലെന്ന് കാണിച്ചാണ് കോടതി നടപടി.
2023 ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം. ആലുവ ഭാരത്‌മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്യാമ്പസിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസും കഴുത്തിൽ റീത്തും വച്ച് അപമാനിച്ചുവെന്നാണ് കേസ്.
കേസിലെ അന്തിമ റിപ്പോർട്ടും ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികളുമാണ് ജസ്റ്റിസ് വി. ജി. അരുണിന്‍റെ ഉത്തരവിൽ റദ്ദാക്കിയത്. വിദ്യാർഥിയുടെ നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ലെങ്കിലും ദേശീയ നേതാക്കളുടെ പ്രതിമയേയും ചിത്രങ്ങളേയും അവഹേളിക്കുന്നത് കുറ്റകരമല്ലെന്ന് വിലയിരുത്തിയാണ് നടപടി.