കൊച്ചി: ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യ ഹർജി 15ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യാതിരുന്നാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ പരാതിയിലാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇതിനുപിന്നാലെ രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാഹുൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. അതേസമയം, രാഹുൽ ഒളിവില്ലെന്നും, കോടതി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും അഡ്വ. എസ്. രാജീവ് കോടതിയെ അറിയിച്ചു.
"അപേക്ഷ പരിഗണിക്കുന്ന സമയത്ത് അറസ്റ്റ് അനുവദിക്കാൻ സാധിക്കില്ല. കാരണം അദ്ദേഹം വളരെ ഗുരുതരമായ വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വാദം കേൾക്കാത്തിടത്തോളം ആരെയും ശിക്ഷിക്കാൻ പാടില്ല. അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നതെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ഈ കേസിൽ എനിക്ക് ഒരു തരത്തിലും മുൻവിധിയുമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് ഞാൻ ഉറപ്പാക്കിയിട്ടുണ്ട് ," കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് രാഹുൽ. സെക്ഷൻ 64(2)(f), 64(2)(h), 64(2)(m) [ബലാത്സംഗം], 89 [സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം], 115(2) [സ്വമേധയാ ഉപദ്രവിക്കൽ], 351(3) [ക്രിമിനൽ ഭീഷണിപ്പെടുത്തൽ], ഭാരതീയ ന്യായ സംഹിതയിലെ 3(5), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66(E) [സ്വകാര്യതാ ലംഘനത്തിനുള്ള ശിക്ഷ] എന്നീ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ ചുമത്തിയ വകുപ്പുകൾ.