കോഴിക്കോട്: അതിദാരിദ്ര്യ നിർമാർജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മിൽ ബന്ധിപ്പിച്ച് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിൽ വിശദീകരണവുമായി എം.കെ.രാഘവൻ. കേരളത്തിന് അരി നഷ്ടപ്പെടുമോയെന്ന് ചോദിച്ചത് ക്ലാരിറ്റിക്ക് വേണ്ടിയാണെന്നാണ് എം.കെ. രാഘവൻ്റെ പക്ഷം. അതിന്റെ പേരിൽ കെ.എൻ. ബാലഗോപാൽ പോസ്റ്റിടാൻ പാടില്ലായിരുന്നു എന്നും എം.കെ.രാഘവൻ പറഞ്ഞു.
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചാലും അരി മുടങ്ങില്ലെന്ന ചോദ്യം സദുദ്ദേശപരമായാണ് പാർലമെൻ്റിൽ ഉന്നയിച്ചതെന്ന് എം.കെ. രാഘവൻ പറയുന്നു. കെ.എൻ. ബാലഗോപാലാണ് അതിൽ രാഷ്ട്രീയം കലർത്തിയത്. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചാലും കേരളത്തിന് അരി മുടങ്ങില്ലെന്ന് വ്യക്തമായെന്നും എം.കെ. രാഘവൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിൽ കേരളത്തിലെ യുഡിഎഫ് എംപിമാർ വിചിത്ര ചോദ്യമുന്നയിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എംപിയും എം.കെ. രാഘവൻ എംപിയുമാണ് ചോദ്യം ഉയർത്തിയത്. സംസ്ഥാനത്തെ അന്ത്യോദയ കാർഡുകൾ റദ്ദാക്കുമോ, പിങ്ക് മഞ്ഞ കാർഡുകാരുടെ ധാന്യവിഹിതം വെട്ടിക്കുറക്കുമോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇവർ ഉയർത്തിയത്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.
ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.എൻ. ബാലഗോപാൽ രംഗത്തെത്തിയിരുന്നു. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിച്ച് നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുകയാണ് യുഡിഎഫ് എംപിമാർ എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിമർശിച്ചു.