ആദ്യ ബലാംത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്കിയുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി. ജനുവരി ഏഴ് വരെയാണ് അറസ്റ്റ് തടഞ്ഞത്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ ബലാത്സംഗ കേസിലാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. ക്രിസ്മസ് അവധിക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. ജനുവരി ഏഴിന് ശേഷം വാദം കേൾക്കും. അന്നേ ദിവസം വരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്നാണ് നിർദേശം.
സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്. പരാതിക്കാരിയും താനും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നുമാണ് ഹർജിയിലെ വാദം.
രാഷ്ട്രീയപ്രേരിത അന്വേഷണമാണ് നടക്കുന്നതെന്നും രാഹുലിന്റെ ഹരജിയിൽ പറയുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധത്തില്‍ പിന്നീട് വിള്ളലുണ്ടായതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്ന അന്വേഷണ ഏജൻസിയുടെ വാദം തെറ്റാണെന്ന് സ്ഥാപിക്കുന്നതടക്കം തെളിവുകള്‍ ഹാജരാക്കാമെന്നുമാണ് ഹർജിയിൽ പറയുന്നത്.