കേസെടുക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവ് ഉടനുണ്ടാകുമോ അതോ അപ്പീൽ പോകുമോ? എന്താകും സിപിഐഎമ്മിന്റെ നീക്കം?

മികച്ച ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്നുമാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ബെഞ്ചിന്റെ ഉത്തരവ്.
കേസെടുക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവ് ഉടനുണ്ടാകുമോ അതോ അപ്പീൽ പോകുമോ? എന്താകും സിപിഐഎമ്മിന്റെ നീക്കം?
Published on: 
Updated on: 

സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നേരിട്ടത്. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. ഇഡിയുടെ കത്തിൽ കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന കോടതി ഉത്തരവ് പിണറായിക്കും സംസ്ഥാന സർക്കാർ നിലപാടിനും ഒരുപോലെ തിരിച്ചടിയാണ്. എഫ്ഐആര്‍ ഇടാതെ ത്വരിതാന്വേഷണം മാത്രം നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് വിധി.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസം ഉണ്ടാകരുത്. മികച്ച ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്നുമാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ബെഞ്ചിന്റെ ഉത്തരവ്. പൊതുപ്രവർത്തകനും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫുമായിരുന്ന കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസെടുക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവ് ഉടനുണ്ടാകുമോ അതോ അപ്പീൽ പോകുമോ? എന്താകും സിപിഐഎമ്മിന്റെ നീക്കം?
കള്ളക്കേസെന്ന് എം.വി. ജയരാജന്‍, കോടതി ആവര്‍ത്തിച്ചത് ഇഡി വാദമെന്ന് പി. ജയരാജന്‍; എല്ലാ വാദവും അടപടലം പൊളിഞ്ഞെന്ന് കെ.എം. ഷാജഹാന്‍

അതേസമയം, കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പിണറായിയെ വേട്ടയാടുന്ന നിലപാട് തുടരുകയാണ്. കോടതി നടപടിക്ക് ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കണം. മേൽക്കോടതികൾ ഉണ്ടല്ലോ, ഇത് അന്തിമ വിധിയല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ പറഞ്ഞതു തന്നെയാണ് നിലപാടെന്ന് പ്രതികരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും വ്യക്തമാക്കി.

ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പ്രതികരിച്ചു. ഭീഷണിപ്പെടുത്തി കരസ്ഥമാക്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, കേസില്‍ ഇഡിയുടെ വാദം കോടതി ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. ജയരാജന്റെ പ്രതികരണം. ആരോപണ വിധേയരെ കോടതി കേട്ടില്ല. ഇഡി വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും പി. ജയരാജന്‍ പറഞ്ഞു.

പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാനുള്ള കോടതി നിർദേശം സിപിഐഎമ്മിനൊപ്പം സംസ്ഥാന സർക്കാരിനും തിരിച്ചടിയാണ്. കർത്തായുടെ ഡയറിയിൽ കോൺഗ്രസ് നേതാക്കളുടെ അടക്കം പേരുണ്ട്. അതുകൊണ്ട് ഡയറിത്താളുകൾ മാത്രം തെളിവാക്കി പിണറായിക്കെതിരെ കേസെടുക്കേണ്ടതില്ല. അന്വേഷണത്തിൽ കൂടുതൽ തെളിവ് കിട്ടിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാം എന്നായിരുന്നു കോടതിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇഡി നൽകിയ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം സിപിഐഎം ശക്തമായി ഉയർത്തും എന്ന വിലയിരുത്തലും സർക്കാരിനുണ്ട്. എന്നാൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്തണമെന്നുമാണ് കോടതി ഉത്തരവ്..

കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം സർക്കാർ തീരുമാനം എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വൈകാതെ തന്നെ സര്‍ക്കാര്‍ നടപടിയുണ്ടാകും. ഇഡി നല്‍കിയ കത്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കി. അതില്‍ നിയമോപദേശം തേടി. അതനുസരിച്ചാണ് പ്രാഥമിക അന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ചത്. അതിനിടെയാണ് ഹൈക്കോടതിയില്‍ കേസ് വന്നത്. പ്രാഥമിക അന്വേഷണം നടത്തിയശേഷമേ എഫ്ഐആര്‍ പാടുള്ളൂ എന്ന് സുപ്രീം കോടതി വിധിയുണ്ട്. ലഭിച്ച നിയമോപദേശത്തിലും അത് പറയുന്നുണ്ട്. അതനുസരിച്ചാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തത്. ഇഡി പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍ ചെയ്തത്. നിയമോപദേശം തേടി, അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ചെയ്തത്. കേസില്‍ സര്‍ക്കാരിന് ഒരു തിരിച്ചടിയുമില്ല, നിയമാനുസൃതമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേസെടുക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവ് ഉടനുണ്ടാകുമോ അതോ അപ്പീൽ പോകുമോ? എന്താകും സിപിഐഎമ്മിന്റെ നീക്കം?
'എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം'; പിണറായിക്കും റിയാസിനും കുരുക്ക്; ഹൈക്കോടതിയില്‍ ജയിച്ചത് ഇഡി, സര്‍ക്കാരിന് തിരിച്ചടി

സർക്കാർ അപ്പീൽ പോയാൽ പിണറായിയെ രക്ഷിക്കാനുള്ള കോൺഗ്രസ് നീക്കമെന്ന് വിലയിരുത്തുമെന്നാണ് കേസിലെ ഹര്‍ജിക്കാരനായ കെ.എം. ഷാജഹാൻ പ്രതികരിച്ചത്. പിണറായിക്കെതിരെ ഇഡിയും മോഡിയും കെട്ടിച്ചമച്ച കേസ് ആണെന്ന സിപിഐഎം വാദം ഹൈക്കോടതി വിധിയോടുകൂടി അടപടലം പൊളിഞ്ഞു. റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമാണ് കോടതി കേസെടുക്കാം എന്ന് പറഞ്ഞത്. പിണറായി വിജയൻ അഴിമതി നടത്തിയിരിക്കുന്നു എന്ന് ഹൈക്കോടതിക്ക് അർദ്ധശങ്കയ്‌ക്കിടയില്ലാത്ത വിധം ബോധ്യമായി. പാർട്ടിയെ തകർക്കുന്ന ഏകാധിപതിയെ മാറ്റിനിർത്താൻ സിപിഐഎം തയ്യാറാകണം. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയാൽ പിണറായിയെ രക്ഷിക്കാനുള്ള കോൺഗ്രസ് നീക്കമെന്ന് വിലയിരുത്തപ്പെടുമെന്നും ഷാജഹാന്‍ പ്രതികരിച്ചു.

സർക്കാർ അപ്പീൽ പോകേണ്ടതില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും പറഞ്ഞു. പിണറായി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജും പ്രതികരിച്ചു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തുടര്‍നടപടികളാകും ഇനി ചര്‍ച്ചയാകുക. കോടതി വിധിപ്രകാരം സർക്കാർ ഉടൻ കേസെടുക്കാൻ ഉത്തരവിടുമോ അതോ അപ്പീൽ പോകുമോ? സിപിഐഎമ്മിന്റേയും എല്‍ഡിഎഫിന്റേയും അടുത്ത നീക്കം എന്താകും?

News Malayalam 24x7
newsmalayalam.com