

തിരുവനന്തപുരം: മണ്ഡല പുനർനിർണയ ബില്ലിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുന്ന എഴുത്തുകാരി സുധാ മേനോൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇൻഡ്യാ മുന്നണി നേതാക്കളുടെ അവസാനനിമിഷം വരെയുള്ള പോരാട്ടത്തെ പ്രശംസിക്കുന്നതാണ് ഈ കുറിപ്പ്. ഈ മഹാരാജ്യം ഒരു മതേതര ബഹുസ്വര ജനായത്ത രാഷ്ട്രമായി നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന ഓരോ സാധാരണ മനുഷ്യനും നിങ്ങളുടെ ഇന്നത്തെ ആ യാത്ര ഒരിക്കലും മറക്കില്ലെന്നും ചരിത്രം ഒരിക്കലും നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കില്ലെന്നും സുധാ മേനോൻ കുറിച്ചു.
ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വിജയത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ജാതി-മത ചേരുവകൾ അതീവ സൂക്ഷ്മതയോടെ ചേർത്തിണക്കിയ പുതിയ നിയോജക മണ്ഡലങ്ങൾ ഇപ്പോൾ തന്നെ ബിജെപിയുടെ അലമാരയിൽ ഭദ്രമായി തയ്യാറാക്കിയിട്ടുണ്ടാകുമെന്നും, ഗ്യാനേഷ് കുമാറിനെപ്പോലുള്ള മറ്റൊരു ഡീലിമിറ്റേഷൻ കമ്മീഷണർ ആ പുതിയ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ വിനീതവിധേയനായി തുല്യം ചാർത്തിയാൽ മാത്രം മതിയാകുമെന്നും സുധാ മേനോൻ വിമർശിച്ചു. ദ്രാവിഡൻ്റെ അഭിമാനവും അനന്യമായ പെരിയോർ പൈതൃകവും ഉയർത്തിപിടിച്ചുകൊണ്ട് തമിഴ് വികാരം എന്നും ആളിക്കത്തിച്ചവർ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന് വെഞ്ചാമരം വീശുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭയം പതുക്കെ ഒരു രാജ്യമാവുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ജാതി-മത ചേരുവകൾ അതീവ സൂക്ഷ്മതയോടെ ചേർത്തിണക്കിയ പുതിയ നിയോജകമണ്ഡലങ്ങൾ ഇപ്പോൾ തന്നെ ബിജെപിയുടെ അലമാരയിൽ ഭദ്രമായി തയ്യാറാക്കിയിട്ടുണ്ടാകും. ഗ്യാനേഷ് കുമാറിനെപ്പോലുള്ള മറ്റൊരു ഡീലിമിറ്റേഷൻ കമ്മീഷണർ ആ പുതിയ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ വിനീതവിധേയനായി തുല്യം ചാർത്തിയാൽ മാത്രം മതിയാകും. അത് മനസിലാകാത്തവരല്ല, ആരും.
എന്നിട്ടും, ദ്രാവിഡൻ്റെ അഭിമാനവും അനന്യമായ പെരിയോർ പൈതൃകവും ഉയർത്തിപിടിച്ചുകൊണ്ട് തമിഴ് വികാരം എന്നും ആളിക്കത്തിച്ചവർ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന് വെഞ്ചാമരം വീശുന്ന കാഴ്ച്ച നമ്മൾ കാണുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഒറ്റുകാരായ പവാർ കുടുംബത്തിന് എന്നും അധികാരമായിരുന്നു ഏറ്റവും വലുത്. അതുകൊണ്ട് അവരുടെ നിലപാടുകളിൽ അത്ഭുതമില്ല. തെരുവിൽ സമരം ചെയ്ത ഇന്നലകളെ മറന്നുകൊണ്ട് സുപ്രിയാ സൂലെയും, ഇടതു ലിബറൽ ഇടങ്ങളുടെ ഓമനയായ എഴുത്തുകാരി കനിമൊഴിയും, ഇപ്പോഴും തെരുവിൽ സമരം ചെയുന്ന ’വിഡ്ഢികളായ‘ പഴയ സഹപ്രവർത്തകരെ നോക്കി നാളെ മുതൽ ആർത്തുചിരിച്ചേക്കാം. അധികാരത്തിന്റെ വശ്യമധുരമായ രുചിക്കൂട്ടുകൾ മോദിക്ക് ഒപ്പം ഒരുമിച്ച് ഇരുന്ന് ആസ്വദിച്ചേക്കാം...
എന്നാലും, സാരമില്ല, പ്രിയപ്പെട്ട സോണിയാ ജീ, ഖാർഗേജി.. ഇൻഡ്യാ മുന്നണിയുടെ പ്രിയപ്പെട്ട നേതാക്കളെ... ഇന്ന് നിങ്ങൾ തോറ്റേക്കാം. എങ്കിലും, നിങ്ങൾ തന്നെയാണ് ശരി... ഈ മഹാരാജ്യം ഒരു മതേതര ബഹുസ്വര ജനായത്ത രാഷ്ട്രമായി നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന ഓരോ സാധാരണ മനുഷ്യനും നിങ്ങളുടെ ഇന്നത്തെ ആ യാത്ര ഒരിക്കലും മറക്കില്ല. ചരിത്രം ഒരിക്കലും നിങ്ങളെ കുറ്റക്കാർ എന്ന് വിധിക്കില്ല. ഈ ബില്ലിനെ പരാജയപ്പെടുത്താനുള്ള ഏറ്റവും ചെറിയ സാധ്യത പോലും അന്വേഷിക്കൂ... അവസാനനിമിഷം വരെ ഒരുമിച്ച് നിന്ന് പൊരുതാം.. ആശംസകൾ..