സമദൂരത്തില്‍ നിന്ന് 'ലെഫ്റ്റ്' അടിച്ചോ എന്‍എസ്എസ്; തെരഞ്ഞെടുപ്പ് അടുക്കെ ജി. സുകുമാരന്‍ നായരുടെ മനസിലെന്ത്?

എന്‍എസ്എസ് ഇടത്തോട്ട് തിരിഞ്ഞാല്‍ അത് യുഡിഎഫിന് വലിയ തിരിച്ചടിയാകും തെരഞ്ഞെടുപ്പില്‍ നല്‍കുക.
nss
Published on

സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തില്‍ കോണ്‍ഗ്രസ് നിലപാട് തുടക്കം മുതല്‍ തന്നെ സുവ്യക്തമായിരുന്നു. അത് സര്‍ക്കാരിനെതിരായിരുന്നു. സര്‍ക്കാര്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് തുടക്കം മുതല്‍ കോണ്‍ഗ്രസ് പറഞ്ഞു. അതേ നിലപാട് ഇന്ന് കോണ്‍ഗ്രസിന് തന്നെ തലവേദനയായോ? എസ്എന്‍ഡിപിക്ക് പിന്നാലെ എന്‍എസ്എസ് കൂടി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പിലും ഈ നിലപാട് പ്രതിഫലിക്കുമോ എന്ന ആശങ്കയ്ക്ക് തിരികൊളുത്തപ്പെട്ടിരിക്കുകയാണ്.

ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതിലാണ് കോണ്‍ഗ്രസിനെതിരെ എന്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടന്നും അവരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകള്‍ മാത്രമാണെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിമര്‍ശനം. കൃത്യമായി വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നതെന്നാണ് എന്‍എസ്എസ് ആരോപണം.

nss
ആഗോള അയ്യപ്പ സംഗമം: കോൺഗ്രസ് ബഹിഷ്കരണം വോട്ട് ബാങ്ക് രാഷ്ട്രീയം; ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ: ജി. സുകുമാരൻ നായർ

കോണ്‍ഗ്രസിനെ മാത്രമല്ല, ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെയും രൂക്ഷമായി വിമര്‍ശനം നടത്തിയിരിക്കുകയാണ് ജി. സുകുമാരന്‍ നായര്‍. ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം. ഇതു മാത്രമല്ല, കോണ്‍ഗ്രസിനെയും ബിജെപിയെയും ആവോളം വിമര്‍ശിച്ച എന്‍എസ്എസ് എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.

സ്ത്രീ പ്രവേശനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുണച്ചിട്ടില്ലെന്നും എന്നാല്‍ ആചാരങ്ങളെ ശക്തിപ്പെടുത്താനുള്ള നിലാപടുകളുമായി മുന്നോട്ടുപോയെന്നും എന്‍എസ്എസ് പറയുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് എന്‍എസ്എസിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആഗോള അയ്യപ്പ സംഗമവുമായി സഹകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറയുന്നു.

സമദൂരത്തില്‍ നിന്നും എന്‍എസ്എസ് പിന്നോട്ടോ?

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. രണ്ട് തവണ പ്രതിപക്ഷത്തിരിക്കേണ്ടി വന്ന യുഡിഎഫിനും തുടര്‍ ഭരണം ലഭിച്ച എല്‍ഡിഎഫ് സര്‍ക്കാരിനും ഒരു പോലെ അഭിമാന പ്രശ്‌നമാണ്. കേരള രാഷ്ട്രീയത്തില്‍ കടുത്ത പോരാട്ടം തന്നെയായിരിക്കും ഇക്കുറി നടക്കുക. അതിന് സമുദായ സംഘടനകളുടെ അടക്കം പിന്തുണ ഉറപ്പാക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നുമുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടികളുടെ പിന്തുണ നഷ്ടപ്പെടുത്തില്ലെന്ന് യുഡിഎഫ് കക്ഷിയായ മുസ്ലീം ലീഗ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എസിഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ എല്‍ഡിഎഫ് തുറന്ന നയം സ്വീകരിക്കുമ്പോഴാണ് യുഡിഎഫ് ഇവരെ കൂടി കൂട്ടിപ്പിടിക്കുമെന്ന് പരസ്യമായി പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ വോട്ടു രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം എല്‍ഡിഎഫിനും യുഡിഎഫിനും നിശ്ചിത വോട്ട് നല്‍കുന്ന എന്‍എസ്എസ് എസ്എന്‍ഡിപി സംഘടനകളെ പിണക്കാന്‍ ഇരുകൂട്ടര്‍ക്കുമാവില്ല. വിയോജിപ്പുകള്‍ക്കിടയിലും എല്‍ഡിഎഫിനോടുള്ള എസ്എന്‍ഡിപിയുടെ ആഭിമുഖ്യം പലതവണ വെളിവാക്കപ്പെട്ടതാണ്.

nss
വിശ്വാസപരമായ കാര്യങ്ങളിൽ എൻഎസ്എസിന് നിലപാടുണ്ട്, അകൽച്ച പരിഹരിക്കാൻ സുകുമാരൻ നായരുമായി ചർച്ച നടത്തും: കെ. മുരളീധരൻ

അപ്പോഴും സമദൂര നിലപാടുമായി നിന്നിരുന്നത് എന്‍എസ്എസ് ആണ്. എന്നാല്‍ ഇപ്പോള്‍ എന്‍എസ്എസിനെയും എല്‍ഡിഎഫിലേക്ക് അടുപ്പിക്കാന്‍ ആഗോള അയ്യപ്പ സംഗമത്തിന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. തുടക്കത്തില്‍ ആഗോള അയ്യപ്പ സംഗമം പരിഹസിക്കപ്പെട്ടെങ്കിലും എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സമുദായ സംഘടനകളുടെ കൃത്യമായ പിന്തുണ ഇതുവഴി നേടാനുള്ള സാധ്യത എല്‍ഡിഎഫിന് തുറന്നു കിട്ടിയിരിക്കുകയാണ്.

എന്‍എസ്എസ് നിലപാട് എല്‍ഡിഎഫിന് അനുകൂലമാണെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും പറഞ്ഞിരിക്കുകയാണ്. ഇതോടെ അങ്കലാപ്പിലായിരിക്കുന്നത് യുഡിഎഫാണ്. വെള്ളാപ്പള്ളി പറഞ്ഞതുപോലെ എന്‍എസ്എസ് ഇടത്തോട്ട് തിരിഞ്ഞാല്‍ അത് യുഡിഎഫിന് വലിയ തിരിച്ചടിയാകും തെരഞ്ഞെടുപ്പില്‍ നല്‍കുക. നിലവില്‍ ഈ പ്രതിസന്ധി കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നതിന് തെളിവാണ് കെ മുരളീധരന്റെ പ്രതികരണം.

എന്‍എസ്എസുമായി ഉണ്ടാകുന്ന അകല്‍ച്ച പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അടിയന്തരമായി ഇടപെടുമെന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്. ജി സുകുമാരന്‍ നായരുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ നിലപാടെടുത്തത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. എന്നാല്‍ എന്‍എസ്എസിന്റെ മനസിലെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേതൃത്വത്തോടാണോ നേതാക്കളോടാണോ ഈ വിമര്‍ശനമെന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടതാണ്. അകല്‍ച്ച പരിഹരിക്കാനായില്ലെങ്കില്‍ അതേല്‍പ്പിക്കുന്ന പ്രഹരം കോണ്‍ഗ്രസിനെ തളര്‍ത്തുമെന്നും വ്യക്തം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com