
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് നിലപാട് വ്യക്തമാക്കിയതിൽ പ്രതികരണവുമായി കെ. മുരളീധരൻ. സാമുദായിക സംഘടനകൾക്ക് അവരുടേതായ നിലപാടുകൾ സ്വീകരിക്കാൻ അവകാശമുണ്ട്. ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന്റെ കാരണം യുഡിഎഫ് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ന്യൂനപക്ഷം എന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ല. മന്നം ജയന്തിക്ക് അവധി പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. ഇപ്പോൾ ഉണ്ടായ അകൽച്ച കോൺഗ്രസ് പരിഹരിക്കും. ജി. സുകുമാരൻ നായരുമായി കാര്യങ്ങൾ ചർച്ച ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കും. എൻഎസ്എസ് ഒരിക്കലും പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ അവസരം ഒരുക്കുമെന്ന് തോന്നുന്നില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. എൻഎസ്എസ് സംഗമത്തിൽ പങ്കെടുത്തത് എൽഡിഎഫിലേക്ക് അടുക്കുന്നു എന്നതായി കാണേണ്ടതില്ല. വിശ്വാസപരമായ കാര്യങ്ങളിൽ എൻഎസ്എസിന് അവരുടെതായ നിലപാടുണ്ട്. അതിനെ അങ്ങനെ മാത്രമാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നും വിശ്വാസികൾക്ക് വേണ്ടിയാണ് കോൺഗ്രസ് നിലകൊണ്ടതെന്ന് എല്ലാവർക്കുമറിയാം. ആചാര സംരക്ഷണ സമരങ്ങളിലെ കേസുകൾ എന്തുകൊണ്ട് സർക്കാർ പിൻവലിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിന് എതിരെ രൂക്ഷമായ വിമർശനമാണ് സുകുമാരൻ നായർ ഉയർത്തിയത്. കോൺഗ്രസിന് ഹിന്ദു വോട്ടുകൾ വേണ്ട. അവരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ മാത്രമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് അയ്യപ്പ സംഗമം ബഹിഷ്കരിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പോലും കോൺഗ്രസും ബിജെപിയും പങ്കെടുത്തില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു.