

കോഴിക്കോട്: പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശം. നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടറോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
നിർമാണം പൂർത്തിയാക്കാതെ പന്തീരാങ്കാവിൽ ടോൾ പിരിവ് ആരംഭിച്ചതിന് എതിരെയുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. പണി പൂർത്തിയാകുന്നത് വരെ ടോൾ കളക്ഷൻ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം.
സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും നടപ്പാത നിർമിക്കാതെയും ടോൾ പിരിവ് ആരംഭിക്കുന്നതിന് എതിരെ പരാതി ഉയർന്നിരുന്നു. സർവീസ് റോഡ് പൂർത്തിയാക്കാത്തതിന് എതിരെ സാമൂഹ്യ പ്രവർത്തകനായ അബ്ദുൾ അസീസ് ഒറ്റയാൾ സമരവും നടത്തിയിരുന്നു.