

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് ബിജെപിക്കെതിരെ രംഗത്ത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇദ്ദേഹം ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. വിശദീകരണം പോലും കേള്‍ക്കാതെയാണ് നടപടിയെന്നും ഇദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. കുടുംബജീവിതം തകര്‍ത്തെന്നും, വലിയ മാനനഷ്ടം ഉണ്ടാക്കിയെന്നുമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് പറഞ്ഞിരുന്നത്.
പിന്നാലെ, ഇദ്ദേഹത്തിനെതിരെ യുവമോര്‍ച്ച നടപടിയെടുത്തിരുന്നു. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ അറിയിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്നും മറ്റ് കാരണങ്ങളൊന്നുമില്ലെന്നായിരുന്നു വിശദീകരണം.
എന്നാല്‍, ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നായിരുന്നു ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ പരാതിക്കാരിയെ വശീകരിച്ചു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. പ്രശ്‌നം പരിഹരിക്കാന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.