കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പ്രധാനമായും തായ്‌ലൻ്റിലെ ബാങ്കോക്കിൽനിന്ന്. സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തിക്കാൻ വലിയ ശൃംഖല തന്നെ തായ്‌ലൻഡ് കേന്ദ്രീകരിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
തായ്‌ലൻഡിലെ വീഡ് ഷോപ്പുകളിൽ പല തരത്തിലുള്ള ഹൈബ്രിഡ് കഞ്ചാവുകളാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ തായ്‌ലൻഡിലേയ്ക്ക് കടത്തുകാരുടെ ഒഴുക്ക് വർദ്ധിച്ച് വരുകയാണ്. കഞ്ചാവിന്റെ മിട്ടായി മുതൽ ഐസ് ക്രീം വരെ പട്ടികയിലുണ്ട്. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നഹൈബ്രിഡ് കഞ്ചാവ് കടത്തി നമ്മുടെ നാട്ടിൽഎത്തിക്കുമ്പോൾ ഇത്തരം സംഘങ്ങൾ കൊയ്യുന്നത് കോടികളാണ്.
പ്രത്യേകം ശീതികരിച്ച താപനിലയിൽ വളർത്തിയെടുത്ത ചെടിയിൽ നിന്നുള്ള കഞ്ചാവ് 2022 മുതൽ തായ്‌ലൻഡിൽ നിയമവിധേയമാണ്. ഇത് മുതലെടുത്താണ് ചിലർ കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത്. ചോക്ലേറ്റും ബിസ്ക്കറ്റുമെല്ലാം കടത്താൻ അധികം പ്രയാസപ്പെടേണ്ടി വരുന്നില്ല. വീര്യം കൂടുതലുള്ള ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്.
കേരളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്ന കേസുകളിൽ ബാങ്കോക്കിന്റെ പേര് കൂട്ടികെട്ടുന്നതിൽ നിരാശരാണ് അവിടുത്തെ മലയാളികൾ. കഞ്ചാവ് കടത്തിനായി മലയാളി നെക്സസ് പ്രവർത്തിക്കുന്നതിൽ വർഷങ്ങളായി തായ്ലൻ്റിലുള്ള മലയാളികൾക്ക് കടുത്ത അമർഷമുണ്ട്.
സ്ത്രീകളേയും യുവാക്കളേയും കാരിയർമാരായി മാറ്റിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്ത് നടത്തുന്നത്. ആലപ്പുഴയിൽ എക്സൈസ് പിടിയിലായ തസ്ലീമയും തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 50 കോടിയിലധികം രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് തായ്ലൻ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.1 കാലോയിൽ താഴെ കൊണ്ടുവന്നാൽ റിമാൻ്റിലാകാതെ ജാമ്യം ലഭിക്കും എന്നുള്ളതും കഞ്ചാവ് കടത്ത് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.