ചിന്നസ്വാമി ദുരന്തം: ആർസിബി മാർക്കറ്റിങ് മേധാവി ഉള്‍പ്പെടെ നാല് പേർ അറസ്റ്റില്‍

11 പേരുടെ ജീവനെടുത്ത ദുരന്തത്തിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലാണ്
Chinnaswamy Stadium stampede accident
ആർസിബി വിജയാഘോഷത്തിലെ തിക്കും തിരക്കുംSource: X
Published on

ബെംഗളൂരു ദുരന്തത്തിൽ നാലുപേരെ അറസ്റ്റ് ചെയ്ത് കർണാടകാ പൊലീസ്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ, ഇവന്റ് മാനേജ്‌മന്റ് കമ്പനിയുടെ ജീവനക്കാരായ സുനിൽ മാത്യു, കിരൺ എന്നിവർ ഉള്‍പ്പെടെ നാല് പേരാണ് അറസ്റ്റിലായത്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച നടന്ന ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്.

കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലാണ്. കെഎസ്‌സിഎ സെക്രട്ടറി ശങ്കർ, ട്രെഷറർ ജയ്‌റാം എന്നിവരാണ് ഒളിവില്‍പ്പോയത്. ഇരുവരെയും അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

Chinnaswamy Stadium stampede accident
ചിന്നസ്വാമി ദുരന്തത്തിൽ കടുത്ത നടപടിയുമായി സർക്കാർ; ബെംഗളൂരു പൊലീസ് കമ്മീഷണർ ഉൾപ്പെടെ 4 മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു ദുരന്തത്തില്‍ കടുത്ത നടപടികളുമായി കർണാടക സർക്കാർ മുന്നോട്ടുപോകുകയാണ്. ബെംഗളൂരു പൊലീസ് കമ്മീഷണർ ഉൾപ്പെടെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണത്തിനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ആർസിബി ഫ്രാഞ്ചൈസിയുടെ പ്രതിനിധികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ തീരുമാനം.

11 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ പൊലീസിനും പരിപാടിയുട സംഘാടകർക്കുമാണ് വീഴ്ച സംഭവിച്ചതെന്നാണ് സിദ്ധരാമയ്യ സർക്കാരിന്റെ നിലപാട്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷപരിപാടിയും വിക്ടറി പരേഡും നടത്താൻ ചുമതലയുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് സ്റ്റേഡിയം ചുമതലയുണ്ടായിരുന്ന അഡീഷണൽ കമ്മീഷണർ, ബെംഗളൂരു എസിപി, സെൻട്രൽ ഡിസിപി, കബ്ബൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് സസ്പെൻഷൻ. ആർസിബിയുടെയും ക്രിക്കറ്റ് അസോസിയേഷൻ്റെയും പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും സിദ്ധരാമയ്യ ഉത്തരവിട്ടു. ഡിജിപി, ഐജി എന്നിവർക്കാണ് ഇക്കാര്യത്തില്‍ നിർദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ആർസിബി ഫ്രാഞ്ചൈസി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനമായ ഡിഎൻഎ എൻ്റർടെയ്ൻ്റ്മെൻ്സ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Chinnaswamy Stadium stampede accident
ചിന്നസ്വാമി ദുരന്തം: ആർസിബിക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസെടുത്ത് പൊലീസ്

ദുരന്തത്തിൻ്റെ അന്വേഷണം സിഐഡിക്ക് വിട്ടിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യവും സർക്കാർ അംഗീകരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്‌ജി ജോൺ മൈക്കേൽ ഡിക്യൂന വിഷയം അന്വേഷിക്കും. അതേസമയം, നേരത്തെ സുരക്ഷാകാരണങ്ങളാൽ വിക്ടറി പരേഡിന് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചിട്ടും സമ്മർദം കാരണം അവസാന നിമിഷമാണ് വീണ്ടും അനുമതി നൽകിയത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കർണാടക ഹൈക്കോടതി വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 10ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

അതേസമയം, ബെംഗളൂരു ദുരന്തത്തില്‍ മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ശ്വാസതടസമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. പലർക്കും ഹൃദയത്തിലും, ശ്വാസകോശത്തിലും ഉൾപ്പെടെ ക്ഷതമേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com