

കൊച്ചി നടൻ ടിനി ടോം തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തിയെന്ന നടി അൻസിബയുടെ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയാണ് നടി വിശദമായ മൊഴി നൽകിയത്. അപകീർത്തിപ്പെടുത്തലിൻ്റെ പരിധിയിലാണ് പരാതി നിലനിൽക്കുന്നത്.
ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ പറഞ്ഞു. ടിനി ടോം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയാണ്. പക്ഷേ സർക്കാരിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും നടി പറഞ്ഞു.
ടിനി ടോം അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിൻ്റെ തെളിവുകൾ തൻ്റെ പക്കൽ ഉണ്ടെന്നും അൻസിബ പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നതെന്നും നടി പറഞ്ഞു.
അതേസമയം അമ്മ ഭരണ സമിതിക്ക് മുന്നിൽ മൊഴി കൊടുക്കാൻ താൻ തയ്യാറല്ലെന്നും അൻസിബ അറിയിച്ചു. വേട്ടകാർക്ക് മുന്നിൽ തന്നെ പരാതി പറയാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമെന്നും അൻസിബ പറഞ്ഞു.