മരണം വിതയ്ക്കുന്ന കൊള്ളപ്പലിശ; മാഫിയകളുടെ കടക്കെണിയിൽ നട്ടം തിരിഞ്ഞ് ജനം

കടം കൊടുക്കുന്നതിനും, പലിശ വാങ്ങുന്നതിനുമെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നിരിക്കെ, അതെല്ലാം എത്ര കണ്ട് പാലിക്കപ്പെടുന്നുവെന്നത് ചോദ്യമാണ്.
ജീവനെടുക്കുന്ന കടക്കെണി
ജീവനെടുക്കുന്ന കടക്കെണിSource; Meta AI
Published on

എറണാകുളം പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വട്ടിപ്പലിശയുടെ പേരിലുണ്ടായ ഭീഷണിയാണ് വീട്ടമ്മയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. നിലവില കണക്കുകളനുസരിച്ച് പത്തുലക്ഷം രൂപയുടെ കൊടുക്കൽ വാങ്ങലാണ് നടന്നതെന്ന് പറയുന്നു. എന്നാൽ പലിശയും ചേർത്ത് അതിൻ്റെ ഇരട്ടി തുക കൊടുത്തു തീർത്തതായാണ് മരിച്ചുപോയ വീട്ടമ്മയുടെ കുടുംബം പറയുന്നത്. ഇത്ര വലിയ തുകയുടെ കൈമാറ്റം എങ്ങനെ നടന്നതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുറ്റാരോപിതർ ഒളിവിലുമാണ്.

ഇതാദ്യമായല്ല സംസ്ഥാനത്ത് പലിശക്കെണിയിൽ പെട്ട് ജീവനുകൾ ഇല്ലാതാകുന്നത്. 2023 ൽ തിരുവനന്തപുരം കഠിനം കുളത്ത് പലിശക്കുരുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ജീവനൊടുക്കിയത്. 12 ലക്ഷം പലിശയും കൂട്ടുപലിശയും ചേർത്ത് 40 ലക്ഷമായ കടങ്കഥയാണ് അന്ന് ഒരു കുടുംബത്തിന്റെ ജീവനെടുത്തത്. അതിനു മുൻപും ശേഷവും ഇത്തരം വാർത്തകൾ ഏറെ വന്നു. 'ഈരാറ്റുപേട്ടയില്‍ ബ്‌ളേഡ് മാഫിയയുടെ ഭീഷണി മൂലം ദമ്പതികൾ ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.

ബ്ലേഡ് മാഫിയകളുടെ കയ്യിൽപ്പെട്ട് അവസാനം വാങ്ങിയതിലും ഇരട്ടിപ്പണം നഷ്ടമായിട്ടും കടം തീരാതെ ജീവിതം അവസാനിപ്പിച്ചവർ ഏറെയാണ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും, വ്യക്തികളുമെല്ലാം ഇത്തരത്തിൽ മരണത്തിൻ്റെ ഏജൻ്റുമാരായി പണമെറിഞ്ഞ് ആളുകളെ വീഴ്ത്തുന്നു. അത്യാവശ്യത്തിന് പണം കടമെടുക്കുന്ന സാധാരണക്കാരാകട്ടെ വൻ കടക്കെണിയിലാകുകയും ചെയ്യും.

ജീവനെടുക്കുന്ന കടക്കെണി
പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; റിട്ടേർഡ് പൊലീസുകാരനും ഭാര്യയും ഒളിവിൽ

കൂണുകൾ പോലെ മുളച്ചു പൊന്തുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം പലിശ ഇടപാടുകൾക്കായി എത്തുന്നവക്കും. കള്ളപ്പണം വെളുപ്പിക്കലിനായി ഇടപാടുകൾ നടത്തുന്നവർക്കുമെല്ലാം ഇന്ന് നാടു മുഴുവൻ ഏജൻ്റുമാരുണ്ട്. രണ്ടും , മൂന്നും അഞ്ചും പത്തുമെല്ലാം കടന്ന് 20, 30 ശതമാനത്തിലേക്കെത്തുന്ന പലിശ നിരക്കുകൾ. അത്യാവശ്യങ്ങളും, ആഘോഷങ്ങളും ഒരുപോലെ കണ്ടവരും, നിത്യവൃത്തിക്ക് ബുദ്ധുമുട്ടുന്നവരും ഇവരിലേക്കെത്തുന്നു.

മണി ലെൻഡിംഗ് നിയമപ്രകാരം പണം കൈവശം വയ്ക്കുന്നതിനും, കടം കൊടുക്കുന്നതിനും, പലിശ വാങ്ങുന്നതിനുമെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നിരിക്കെ, അതെല്ലാം എത്ര കണ്ട് പാലിക്കപ്പെടുന്നുവെന്നത് ചോദ്യമാണ്. ആവശ്യക്കാരനായതുകൊണ്ട് തന്നെ വാങ്ങുന്നവരും, ബിസിനസിൽ ലാഭം പ്രതീക്ഷിക്കുന്നതുകൊണ്ടു തന്നെ കൊടുക്കുന്നവരും അതിനെക്കുറിച്ച് ചിന്തിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.

2014ല്‍ തിരുവനന്തപുരം മണ്ണന്തലയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ കുബേരക്ക് രൂപം കൊടുത്തത്. റിസർവ് ബാങ്ക് അനുവദിച്ചിരിക്കുന്നതിലും ഉയർന്ന പലിശയ്ക്ക് പണം കടമായി നൽകുകയും അവ ഈടാക്കാൻ വളഞ്ഞവഴികൾ സ്വീകരിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കാനായിരുന്നു ഓപ്പറേഷൻ കുബേര . അന്ന് നടത്തിയ പരിശോധനകളിൽ നിരവധിപ്പേർ കുടുങ്ങിയിരുന്നു. പിന്നീട് അതിനെ മറികടന്ന് പലിശപ്പിരിവുകൾ നടന്നു.

പിന്നീട് കൊവിഡ് കാലത്ത് ആളുകളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വീണ്ടും പലിശക്കെണികൾ രൂപപ്പെട്ടു. തുടർന്ന് വന്ന വർഷങ്ങളിൽ നിരവധിപ്പേരാണ് കടക്കെണിയിൽ കുരുങ്ങി ജീവനൊടുക്കിയത്. ആളുകൾക്കും, സ്ഥാപനങ്ങൾക്കു പുറമേ ലോൺ ആപ്പുകളായും സാധാരണക്കാരുടെ ജീവനെടുക്കാൻ വില്ലന്മാരെത്തി. കഠിനംകുളത്തെ ഒരു കുടുംബത്തിലെ മൂന്നുപേർ, കെട്ടിട നിർമാണത്തൊഴിലാളിയായ കോട്ടയം പറളി സ്വദേശി, ഗുരുവായൂർ കോട്ടപ്പടിയിൽ പെയ്ൻ്റിംഗ് തൊഴിലാളി, പാലക്കാട്ടെ കർഷകനായ കണ്ണൻ, തുടങ്ങി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പറവൂർ കോട്ടുവള്ളി സ്വദേശി ആശ വരെ ഇക്കാലയളവിൽ പലിശക്കെണിയിൽ വീണ് ജീവൻ നഷ്ടപ്പട്ടവരേറെയാണ്. അതിനു പുറമേ വട്ടിപ്പിരവുകാരുടെ ആക്രമവും, അപമാനിക്കലും വേറെയും.

ജീവനെടുക്കുന്ന കടക്കെണി
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

ഗതികെട്ട് പരാതിയുമായെത്തുന്നവരെ പരിഗണിച്ച് മണിലെൻഡിംഗ് ആക്ട് പ്രകാരം കേസെടുക്കുന്നതും. ബ്ലേഡ് മാഫിയക്ക് മൂക്കുകയറിടാൻ വന്ന ഓപ്പറേഷൻ കുബേരയുമൊന്നും അത്ര ഫലം കണ്ടിട്ടില്ലെന്നതാണ് പുറത്തുവരുന്ന വാർത്തകൾ കാണിക്കുന്നത്. വ്യക്തമായിപ്പറഞ്ഞാൽ 1958 ലെ കേരള മണി ലെൻഡേഴ്സ് നിയമപ്രകാരം വാണിജ്യ ബാങ്കുകളേക്കാൽ പരമാവധി രണ്ട ശതമാനം വരെ മാത്രമേ പണം കടം കൊടുക്കാനാകൂ. കൂടുതലായി വാങ്ങുന്നവര്‍ മൂന്നു വര്‍ഷം തടവിനും 50,000 രൂപ വരെ പിഴയൊടുക്കാനും അര്‍ഹരാണ്.

നാല് മുതല്‍ 13 ശതമാനം വരെയാണ് അംഗീകൃത ബാങ്കുകള്‍ ഈടാക്കുന്ന വാർഷിക പലിശ. എന്നിരിക്കെ പകൽ വെളിച്ചത്തിൽ തന്നെയാണ് സംസ്ഥാനത്ത് കൊള്ളപ്പലിശക്കാർ വിലസുന്നത്. സർകാർ അംഗീകൃത വായ്പാ സാധ്യതകൾ വർധിപ്പിച്ചും, ഓപ്പറേഷൻ കുബേര പോലുള്ള നടപടികളെ ശക്തമാക്കിയും ഇക്കാര്യത്തിൽ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ കടക്കെണിയിൽ കുരുങ്ങി ഇനിയും ജീവനുകൾ നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com