സ്പാനിഷ് ഇതിഹാസതാരം സാവി ഹെർണാണ്ടസിനെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനാക്കാനുള്ള അവസരം കളഞ്ഞ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യൻ പരിശീലകനാകാൻ സാവിയും അപേക്ഷ സമർപ്പിച്ചിരുന്നെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. എന്നാൽ പ്രതിഫലം കൂടുതലാകുമെന്ന കാരണത്താൽ പരിഗണിച്ചില്ലെന്നാണ് വിശദീകരണം. ഇതിഹാസതാരത്തെ വേണ്ടെന്ന് വെച്ച് ചുരുക്കപ്പട്ടികയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറാക്കി.
ലോകകപ്പ്, സ്പെയിനിനൊപ്പം രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ, ബാഴ്സലോണയ്ക്കൊപ്പം 25 പ്രധാന ട്രോഫികൾ നേടിയ സാവി ബാഴ്സലോണയുടെ പരിശീലകനായാണ് അവസാനം പ്രവർത്തിച്ചത്. അപേക്ഷ വന്നെങ്കിലും സാമ്പത്തികപരമായ ഉയർന്ന ആവശ്യങ്ങൾ കാരണം അദ്ദേഹത്തെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ഐ.എം. വിജയൻ അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റി സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ ടാർകോവിച്ച്, ഖാലിദ് ജമീൽ എന്നിവരടങ്ങിയ അന്തിമ പട്ടികയാണ് ശുപാർശ ചെയ്തത്.