

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ്ടു വിദ്യാർഥിയായ അഭിറാം കൊല്ലപ്പെട്ട കേസിൽ പ്രതികൾ പൊലീസിനെ വഴിതെറ്റിക്കാൻ വ്യാജ മൊഴികളും കൃത്രിമ തെളിവുകളും നിർമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.
രണ്ടാം പ്രതിയായ ഉമർ മുഫ്താർ കൊലപാതകം നടന്ന സമയത്ത് താൻ സ്ഥലത്തില്ലായിരുന്നു എന്ന് വരുത്തിത്തീർക്കാൻ മൊബൈൽ ഫോൺ വീട്ടിൽ തന്നെ വെച്ചിട്ടാണ് പാങ്ങപ്പാറയിലേക്ക് പോയത്. ഇയാളുടെ നിർദേശപ്രകാരം പെൺസുഹൃത്തായ ഐശ്വര്യ ഈ സമയമത്രയും ഉമറിൻ്റെ ഫോണിലേക്ക് വിളിച്ച് കോൾ ഹോൾഡ് ചെയ്യുകയായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് തനിക്കെതിരെ വരില്ലെന്ന അതിബുദ്ധിയിലാണ് പ്രതികൾ ഇങ്ങനെ ചെയ്തത്.
അഭിറാമിനെ വിളിച്ചുവരുത്താൻ ഉപയോഗിച്ച മൂന്നാം പ്രതി ആനന്ദയുടെ മൊബൈൽ ഫോണും, കൊല്ലപ്പെട്ട അഭിരാമിൻ്റെ ഫോണും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണുകൾ തോട്ടിലും കുറ്റിക്കാട്ടിലും എറിഞ്ഞു എന്നാണ് പ്രതികൾ നൽകിയ മൊഴിയെങ്കിലും പൊലീസ് ഇത് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.
അഭിറാമിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും നിരവധി ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിച്ചതായാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
യഥാർത്ഥത്തിൽ മുഖ്യപ്രതിയുടെ മുൻ കാമുകിയുടെ പുതിയ സുഹൃത്തിനെയാണ് വകവരുത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ അഭിറാം സുഹൃത്തിനെ വിളിച്ചുവരുത്താൻ വിസമ്മതിച്ചതോടെയാണ് പ്രതികൾ അഭിറാമിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.