

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല ബാധിതരുടെ വർധന. ഇന്നലെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം എഴുപത്തിയൊൻപത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 155 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, 13,196 പേർ ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടി. 52 പേർക്ക് ഡെങ്കിപ്പനിയും 11 പേർക്ക് എലിപ്പനിയും 22 പേർക്ക് മഞ്ഞപ്പിത്തവുമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മാത്രം പകർച്ചവ്യാധികൾ പിടിപെട്ട് നാല് മരണമുണ്ടായി. പകർച്ചവ്യാധി പ്രതിരോധത്തിനായി സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിൽ ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റും പ്രവർത്തനസജ്ജമാക്കും.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43 കാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. സർക്കാരിന്റെയും ഐസിഎംആറിന്റെയും മാനദണ്ഡ പ്രകാരമുള്ള ചികിത്സ രോഗിക്ക് നൽകി വരുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാളെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.