കൈമ അരി വിലയിൽ കുതിപ്പ്; ബിരിയാണിക്ക് വലിയ വില കൊടുക്കേണ്ടി വരും

കഴിഞ്ഞ 3 മാസമായി ബിരിയാണി അരിയായ കൈമ അരിയുടെ വില റോക്കറ്റുപോലെ കുതിച്ചുയരുകയാണ്.
biriyani
ബിരിയാണിSource: Pexels
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് കൈമ അരിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 35 ശതമാനമാണ് വില വർധന ഉണ്ടായത്.

വില കൂടിയതോടെ വിവാഹാഘോഷങ്ങൾക്കും വിരുന്നുകൾക്കുമുള്ള ചിലവും കുത്തനെ കൂടുന്ന സാഹചര്യമാണ് ഉള്ളത്. വരും ദിവസങ്ങളിലും അരിയുടെ വില വർധിക്കുമെന്നാണ് കച്ചവടക്കാർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ 3 മാസമായി കൈമ അരിയുടെ വില കുതിച്ചുയരുകയാണ്.

പണ്ട് ഒരു കിലോ മികച്ച ക്വാളിറ്റിയുള്ള കൈമ അരിക്ക് 120 മുതൽ 150 രൂപ വരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ ഒരു കിലോ അരിക്ക് 180 മുതൽ 240 രൂപ വരെയാണ് വില. ബംഗാളിൽ നിന്നാണ് കൈമ അരി കേരളത്തിൽ എത്തുന്നത്. എന്നാൽ അവിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനം ഉൽപാദനത്തെ ബാധിച്ചതാണ് രാജ്യാന്തര വിപണിയിൽ ബിരിയാണി അരിക്ക് ഡിമാൻഡ് കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

biriyani
അവധൂതാശ്രമത്തിലെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം; സന്യാസിമാർക്കെതിരെ ആരോപണവുമായി മഠാധിപതി

മലബാർ മേഖലയിലെ ഹോട്ടലുകളിലും ഓൺലൈൻ ഭക്ഷണസൈറ്റുകളിലും ഏറ്റവുമധികം വിറ്റുപോകുന്നത് ബിരിയാണിയാണ്. വെളിച്ചെണ്ണ വില വർധനയ്ക്കൊപ്പം കൈമ അരിയുടെ വില കൂടിയതോടെ ഹോട്ടലുകളും കേറ്ററിങ് മേഖലകളിലുള്ളവരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സാധനങ്ങളുടെ വിലവർധന കാരണം ഹോട്ടൽ ജീവനക്കാർക്കും ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണങ്ങളുടെ വിലയിലും വർധന വരുത്തേണ്ട സാഹചര്യമെന്ന് ഹോട്ടൽ ഉടമ പറയുന്നു.

അരിയുടെ ലഭ്യത കുറഞ്ഞതിൽ കർഷകരും ഏറെ പ്രതിസന്ധിയിലാണ്. മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും കയറ്റുമതി കൂടിയതും വൻകിട വ്യാപാരികൾ അരി ശേഖരിച്ചുവച്ചതും കർഷകരെയും വലയ്ക്കുന്നു. അരിയുടെ വിലവർധനവിനാൽ ഗുണനിലവാരം കുറഞ്ഞ അരി ഉപയോഗിച്ച് ബിരിയാണിയും നെയ്‌ചോറുമുണ്ടാക്കേണ്ട അവസ്ഥയിലാണ് ഹോട്ടൽ ഉടമകൾ. അടിയന്തരമായി അരിവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ഉയരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com