

എറണാകുളം: ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിൽ നിർണായക പരാമർശവുമായി ഹൈക്കോടതി. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മത പ്രകാരമെന്ന് കോടതി സൂചിപ്പിച്ചു. ബന്ധം തകരുമ്പോൾ ബലാത്സംഗം എന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗര്‍ഭഛിദ്രത്തിനായി അതിജീവിത അനുമതി നല്‍കിയെന്നാണ് വാട്‌സ്ആപ്പ് ചാറ്റിലൂടെ മനസിലാകുന്നത്. ക്രൂരമായ പീഡനത്തിന് ഇരയായ ഒരാൾ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണ്. ഇത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന സൂചനയാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭഛിദ്രത്തിനായി പരാതിക്കാരി മരുന്ന് ആവശ്യപ്പെട്ടതും വാട്‌സ്ആപ്പ് ചാറ്റിലുണ്ട്. പരാതിക്കാരി ഗര്‍ഭഛിദ്രത്തിനായി മരുന്ന് കഴിച്ചത് സ്വന്തം താല്‍പര്യം അനുസരിച്ചാണ്. അതിജീവിതയുടെ അനുമതിയില്ലെങ്കില്‍ മാത്രം നിര്‍ബന്ധിത ഗര്‍ഭഛിദ്രമെന്ന കുറ്റം നിലനില്‍ക്കും. അതിജീവിതയുടെ അനുമതി നേടിയത് ദുസ്വാധീനത്തിലൂടെയാണോ എന്ന് തെളിയിക്കപ്പെടണം. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടത് കേസിൻ്റെ വിചാരണ വേളയിലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആദ്യ ബലാത്സംഗ കേസിൽ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ എല്ലാം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാരാക്കണം, സാക്ഷികളെ സ്വാധിനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിപ്പിച്ചാലും ഹാജരാകണം, തെളിവുകൾ നശിപ്പിക്കരുത്, പരാതിക്കാരിക്കെതിരെ സൈബർ ആക്രമണം പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പാകെ ഹാജരാകണം. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണമെന്നും ഉപാധിയിൽ പറയുന്നു. ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാകണം. അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു.