എറണാകുളം: 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ രചയിതാക്കൾക്ക് പിന്തുണയുമായി എഴുത്തുകാരി ഇന്ദു മേനോൻ. പുസ്തകം മുന്നോട്ടുവയ്ക്കുന്നത് ഒരു രാഷ്ട്രീയമാണ്. പുരുഷന് പിറകിൽ മറഞ്ഞും തേഞ്ഞും തുലഞ്ഞും പോകുന്ന സ്ത്രീയുടെ ത്യാഗചരിത്ര രാഷ്ട്രീയമാണ് പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിനകത്ത് നടന്ന ചതികളോ, എം.ടിയെ നാണംകെടുത്തുന്നതായ കാര്യങ്ങളോ പുസ്തകത്തിൽ ഇല്ലെന്നും ഇന്ദു മേനോൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പല ആത്മകഥാ പുസ്തകങ്ങളും ഓർമ്മക്കുറിപ്പുകളും ഞാൻ എഴുതിയിട്ടുണ്ട് എന്നെ മുറിപ്പെടുത്തിയ പല മനുഷ്യരെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട് അവരുടെ ഐഡൻറിറ്റിയെ വെളിപ്പെടുത്തുന്ന പലതും പ്രത്യക്ഷമായും പരോക്ഷമായും അതിനകത്ത് ഉണ്ടായിരുന്നു.
തീർത്തും ആത്മകഥാംശപരമായ അത്തരം കുറിപ്പുകൾ വായനക്കാരന് വായിക്കാൻ വേണ്ടി ആയിരുന്നില്ല മറിച്ച് എനിക്ക് എന്നെത്തന്നെ അടയാളപ്പെടുത്താൻ വേണ്ടിയായിരുന്നു ഞാൻ എഴുതിയത്. ആന്തരികമായ ആനന്ദം ആന്തരികമായ മുറിവുണങ്ങൾ ആന്തരികമായ പേച്ചുകൾ ആന്തരികമായ പ്രതിസന്ധികളെ തരണം ചെയ്യൽ തുടങ്ങി ആന്തരികമായ ഒരു കാര്യമായാണ് ഞാൻ അതിനെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഒരു പക്ഷേ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നിന്ദയും നിരാസവും ചതികളും പ്രതിസന്ധികളും ആനന്ദങ്ങളും ഇല്ലാതായി പോവലുകളും അങ്ങനെ അടയാളപ്പെടുത്തിയപ്പോൾ ഉണ്ടായ ആശ്വാസം ചെറുതല്ല.
ആത്മകഥാ പുസ്തകങ്ങളും ജീവചരിത്ര രീതിയിലുള്ള പുസ്തകങ്ങൾ ഓർമ്മക്കുറിപ്പുകളും സാഹിത്യസൃഷ്ടി എന്നതിനപ്പുറം വ്യക്തിപരതയിൽ ഊന്നിയ ചില കുറിപ്പുകൾ എന്നാണ് എനിക്ക് എക്കാലത്തും തോന്നിയിട്ടുള്ളത്.
അതിനാൽ അത്രമേൽ വായിക്കണം എന്ന് നിർബന്ധമുള്ളവർ മാത്രമേ ഞാൻ ഈ ഴോണർ വായിക്കാറുള്ളൂ.
എംടിയാക്കപ്പെട്ട എല്ലാ ഇടത്തുനിന്നും ശൂന്യമായി പോയ പ്രമീളനായർ എന്ന എഴുത്തുകാരിയുടെ ജീവിതകഥ വായിക്കാൻ ഉള്ള കാരണം അതിനെ പ്രമീളനായരുടെ മകൾ സിതാരാ ഗിർമെ തന്നെ എതിർത്ത് എഴുതിയതുകൊണ്ടാണ്.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏറ്റവും അടിസ്ഥാനപരമായ എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ മറികടക്കുന്ന ചില സംഗതികൾ ഈ പുസ്തകത്തിൽ ഉണ്ട് എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ കണ്ടത്. സത്യത്തിൽ ഇതിനകത്ത് കുടുംബമോ കുടുംബത്തിനകത്ത് നടന്ന ചതികളോ പ്രിയപ്പെട്ട എഴുത്തുകാരനെ നാണം കെടുത്തുന്ന സംഗതികളോ ഒന്നും തന്നെയില്ല.
ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത് ഒരു രാഷ്ട്രീയമാണ്. സ്ത്രീകൾ എങ്ങനെ പുരുഷന്റെ പിറകിൽ മറഞ്ഞു മങ്ങിയും തേഞ്ഞും തുലഞ്ഞും പോകുന്നു എന്ന പലായനകാലം മുതലുള്ള സ്ത്രീയുടെ ത്യാഗ ചരിത്രരാഷ്ട്രീയം.
എഴുത്തിൽ ഒരുതരത്തിലുള്ള ആവിഷ്കാര തടസ്സങ്ങളെയും ശ്രദ്ധിക്കാതെ എഴുതിപ്പോയ ഒരു എഴുത്തുകാരനാണ് എം ടി . ഭഗവതിയുടെ മുഖത്ത് തുപ്പുന്ന കോമരം പോലെയുള്ള ഒരു സങ്കല്പം ഒരു സ്ത്രീ എഴുതിയാൽ മിനിമം സ്വന്തം കഴുത്ത് കൊടുക്കണം. അദ്ദേഹം അതുപോലെ അസംഖ്യം കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏറ്റവും നന്നായി അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്.
ഇത് എംടിയെ കുറിച്ചുള്ള പുസ്തകം അല്ല എംടിയായ ഒരു സ്ത്രീയെ കുറിച്ച് അവളുടെ ഇടങ്ങളെ കുറിച്ച് ഉള്ള ചില അന്വേഷണക്കുറിപ്പുകൾ ആണ്. പല പുസ്തകങ്ങളിൽ ആളുകളിൽ നിന്നും നിന്നും ഗ്രന്ഥകാരികൾ ഇരുവരും ഗവേഷണം ചെയ്തു എടുത്ത എഴുത്തുകൾ ആണ് എന്ന് തന്നെ പറയണം. ദീദി ദാമോദരൻ എഴുതിയ ഭാഗത്ത് പലരുടെയും പുസ്തകങ്ങളിൽ നിന്നുള്ള റഫറൻസുകൾ ചേർത്തിട്ടുണ്ട്. പ്രമീളനായരുടെ നഷ്ടബോധങ്ങളിൽ നിന്നും വിബിസി നായരുടെ അപൂർണ്ണ ബിന്ദുക്കളിൽ മകൾ സിത്താരയുടെ വാക്കുകളിൽ നിന്നും ജഗദീഷ് ബാബുവിന്റെ മകൾക്കായി എം ടി എഴുതാതെ പോയ ശുപാർശ കത്തിൽ നിന്നും ,ശിഖാ മോഹൻദാസിന്റെ ലേഖനത്തിൽ നിന്നും നഷ്ടബോധങ്ങൾ നിർത്താൻ വേണ്ടി എം ടി തന്നെ അയച്ച കത്തിൽ നിന്നുമെല്ലാം എങ്ങനെയാണ് പ്രമീള നായർ എഴുത്തിന്റെ ഇടങ്ങളിൽ നിന്നും അപ്രത്യക്ഷമായത് എന്ന് കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്.
വിവർത്തക എന്ന നിലയിൽ പ്രമീളനായരുടെ ഇടം എത്രയോ മുകളിലായിരുന്നു എന്ന് ഈ പുസ്തകത്തിൽ നിന്ന് തന്നെ നമുക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്. ക്രോസ്സ്‌വേർഡും ജെസിബിയും തുടങ്ങി വിവർത്തകർക്കായുള്ള അനവധി പുരസ്കാരങ്ങൾ തേടി വരേണ്ടിരുന്ന ഒരു എഴുത്തുകാരിയുടെ അടയാളങ്ങൾ പോലും മായിക്കപ്പെട്ടിരിക്കുന്നു.
എന്തായാലും പുസ്തകത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും എതിർത്തതുകൊണ്ടാണ് ഈ തിരക്കിനിടയിലും ഇത് വായിക്കണമെന്ന് ഞാൻ കരുതിയത്. ആദ്യ പതിപ്പ് രണ്ടുദിവസം കൊണ്ട് തീർന്ന ഈ പുസ്തകത്തിൻറെ രണ്ടാം പതിപ്പ് മൂന്നാംപതിപ്പും നാലാം പതിപ്പും ഒക്കെ ചൂടപ്പം പോലെ തീരുകയാണ് എന്നാണ് കേൾക്കുന്നത്.
എംടിയെ കുറിച്ചുള്ള ഗോസിപ്പിനായി എം ടി യുടെ സമാന്തര സ്വകാര്യ ജീവിതത്തിനായി ആരും ഈ പുസ്തകം വായിക്കേണ്ടതില്ല.മറിച്ച് എം ടിയായിപ്പോയ ഒരു സ്ത്രീയെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രം വായിച്ചാൽ മതി
എഴുത്തിനെ വിലക്കുക എന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള ഒരു ഫാഷിസ്റ്റ് കടന്നു കയറ്റമാണ്. വിജയൻ മാഷ് പറഞ്ഞതുപോലെ കുറച്ചുകൂടി എഡിറ്റിംഗ് ആവാമായിരുന്നു എന്ന് അഭിപ്രായം എനിക്കും ഈ പുസ്തകത്തെക്കുറിച്ചുണ്ട് .
എൻറെ വലിയ കൗതുകം അതല്ല 2022ൽ ഏറ്റവും അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ പ്രമീള നായരുടെ മകൾ സിതാര ഗിർമെ 2026 ൽ മാനഹാനി വന്നു എന്ന പേരിൽ എന്തിനായിരിക്കും ഈ ഈ പുസ്തകത്തെ ഇത്രയും പ്രശസ്തമാക്കിയത് ? സത്യത്തിൽ എനിക്കറിയാവുന്ന ഒരു 200 പേരെങ്കിലും ഈ ഒരൊറ്റ പോസ്റ്റ് കൊണ്ട് ഇന്നലെ ഈ പുസ്തകം ബുക്ക് ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യത്തെ എതിർത്തതിനാൽ വാങ്ങിയവരും ആവിഷ്കാര സ്വാതന്ത്ര്യത്തെ എതിർക്കാനുള്ള കാരണം വല്ല സമാന്തര ജീവിതം ലഭ്യമാകുമോ എന്ന് നോട്ടത്തിൽ വാങ്ങിയവരും ഈ സംഘത്തിൽ ഉണ്ട്.ആവിഷ്കാര സ്വാതന്ത്ര്യം വിലക്കുന്നതിലൂടെ ഈ പുസ്തകത്തിന് കിട്ടിയിരിക്കുന്നത് വലിയ ജനശ്രദ്ധയാണ്. സ്ത്രീ രാഷ്ട്രീയ ചർച്ച ചെയ്യുന്ന ലളിതമായ ഒരു പുസ്തകമാണിത്. വായിക്കാൻ എളുപ്പം കഴിയുന്നതും.
നബി: എഴുത്തും വായനയും അറിയാത്ത ഒരു പ്രസിദ്ധീകരണ ശാലയിലെ എഡിറ്റർ പലയിടങ്ങളിൽ പല കാലങ്ങളിൽ പലപ്പോഴായി എന്നെക്കുറിച്ച് പറഞ്ഞു കേട്ട ഗോസിപ്പുകൾ പെട്ടെന്ന് ഓർമ്മ വന്നു. എടുത്തിടത്തിൽ നിന്നും മായ്ക്കാൻ വേണ്ടി അയാൾ നേരിട്ടും അല്ലാതെയും നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ പുച്ഛത്തോടെ “പോടാ ചെളുക്കെ നിനക്ക് ദാസ്യം ചെയ്തു എനിക്ക് പ്രസിദ്ധീകരണവും വേണ്ട നിൻറെ വേദിയും വേണ്ട” എന്നു പറയാനുള്ള ഒരു ഗർവ് എനിക്ക് കിട്ടുന്നത് ജീവിച്ചിരിക്കുന്നത് കൊണ്ട് മാത്രമാണ്. മനുഷ്യർ അവനവനെ അടയാളപ്പെടാതെ മരിച്ചു കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്നായിരുന്നു ഞാൻ കരുതിയത്.സ്ത്രീകൾ പ്രത്യേകിച്ചും. എന്നാൽ വർഷങ്ങൾ കഴിഞ്ഞാലും ഉള്ളിൽ എരിഞ്ഞ കനൽ തീയായി തന്നെ പുറത്തുവരും കുടിച്ച കണ്ണീർ പെരുമഴയായി പെയ്യും ഈ ലോകത്തോട് കണക്ക് ചോദിക്കും എന്ന് ഈ പുസ്തകം നമ്മളോട് പറയുന്നു.