

തിരുവനന്തപുരം: കാട്ടാക്കടയിലെ രണ്ടര വയസുകാരിയുടെ മരണം ന്യൂമോണിയ ബാധിച്ചെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം വിവരം. വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം ഉണ്ടാകൂ. മരണത്തിന് കാരണം മമൽ ആശുപത്രിയുടെ പിഴവാണെന്ന് ആയിരുന്നു കുടുംബത്തിന്റെ പരാതി.
ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ആയിഷ ഫാത്തിമയുടെ മരണത്തിൽ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. ശ്വാസതടസത്തിന് ചികിത്സ തേടിയ കുട്ടിക്ക് കുത്തിവയ്പ്പെടുത്തതോടെ കുട്ടി മരിച്ചതായായിരുന്നു പരാതി. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, ചികിത്സാ പിഴവെന്ന കുടുംബത്തിൻ്റെ ആരോപണം ചികിത്സിച്ച ഡോക്ടര്‍ തള്ളിയിരുന്നു. അഞ്ച് ദിവസം അസുഖബാധിതയായിരുന്ന കുഞ്ഞിനെയായാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ മുഖത്ത് നീരുണ്ടായിരുന്നെന്നും എസ്എടിയിലേക്ക് റഫര്‍ ചെയ്തിരുന്നെന്നും ഡോക്ടര്‍ അരുണ്‍ വാര്യര്‍ പറഞ്ഞു. കുഞ്ഞിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചിരുന്നു. ശ്വാസം മുട്ടലും കഫക്കെട്ടും ഉണ്ടായിരുന്നു. കുഞ്ഞിന് നെബുലൈസേഷന്‍ നല്‍കി. ഇതിന് പിന്നാലെ ആരോഗ്യനില മോശമായെന്നും ഡോക്ടര്‍ പറഞ്ഞു.