

കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചു. പ്രതിയായ സുഹൈൽ മദ്യപിച്ച വൈറ്റിലയിലെ ദയാബാർ, പാലാരിവട്ടം ഹൈവേയിലുള്ള മൺസൂൺ എംപ്രസ്, നെടുമ്പാശേരിയിലുള്ള മാരിയറ്റ് കോർട്ട് യാർഡ് എന്നി ബാറുകൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
മാരിയറ്റ് കോർട്ട് യാർഡിനെതിരെ പോലീസും എക്സൈസും കേസെടുത്തു. ബാറിൽ നിന്നും 21 വയസ് തികയാത്തയാൾക്ക് മദ്യം നൽകിയതിനാണ് കേസ്. ബാറിൻ്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യതയുണ്ട്.
ഇന്നലെ പുലർച്ചെ നെടുമ്പാശേരി-അത്താണി റോഡിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്. കൊച്ചിയിലെ ആൻ്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
അപകടമുണ്ടാക്കിയ മിനി കൂപ്പർ ഓടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇഹ ഡിസൈൻസ് വസ്ത്രവ്യാപാരസ്ഥാപനത്തിൻ്റെ ഉടമയുടെ മകനാണ് സുഹൈൽ.