

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇഡി കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍, പി.എ. മുഹമ്മദ് റിയാസ്‍, വീണ ടി. എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇഡി നടത്തിയ റെയ്ഡുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ഉപദേശം. എന്നാല്‍ കേസ് എടുക്കുന്നതില്‍ വിജിലന്‍സിന് തീരുമാനം എടുക്കാമെന്നാണ് എജിയുടെ നിലപാട്. തുടര്‍ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കാമെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തുന്നതിൽ നിയമതടസ്സമില്ല. ഒരു ആക്ഷേപമുയർന്നാൽ അത് അന്വേഷിക്കുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും ആയിരുന്നു ഡിജിപിയുടെ നിയമോപദേശം. ഇതേ നിലപാട് തന്നെയാണ് അഡ്വക്കേറ്റ് ജനറലും സ്വീകരിച്ചത്. കേസിൽ ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താം. ഇഡി നടത്തിയ റെയ്ഡുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവുമാകാം. എന്നാൽ കേസ് എടുക്കുന്നതിൽ വിജിലൻസിന് തീരുമാനം എടുക്കാം. മാസപ്പടി എന്ന നിലയിൽ അന്വേഷണം നടത്തുന്നതിന് മൂന്ന് കോടതികളിലെ എതിർ വിധികള്‍ തടസ്സമാണെന്നും എജിയുടെ നിയമോപദേശത്തിലുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ മടങ്ങിയെത്തിയതിനു ശേഷമേ പിണറായി വിജയനെതിരെ കേസെടുക്കണോ എന്നതിൽ സർക്കാർ അന്തിമ തീരുമാനം എടുക്കൂ.
സംസ്ഥാന സർക്കാർ കേസെടുത്താൽ പ്രാഥമികാന്വേഷണം നടത്താൻ കഴിയുമെങ്കിലും കോടതിയിൽ നിലനിൽക്കുംവിധം കേസ് ഫ്രെയിം ചെയ്യാനായില്ലെങ്കിൽ സർക്കാരിനത് തിരിച്ചടിയാകും. കേസ് നിലനിൽക്കാൻ മതിയായ തെളിവുകൾ ഇഡിയുടെ കത്തിലുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍, ശശിധരൻ കർത്തയും സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥരും അടക്കം പ്രതികൾ മുമ്പ് നൽകിയ മൊഴി നിഷേധിച്ച് സത്യവാങ്മൂലം നൽകിയത് അന്വേഷണത്തെ ബാധിക്കില്ല എന്നാണ് ഇഡിയുടെ നിലപാട്. പക്ഷേ, കോടതി ഇവരുടെ സത്യവാങ്മൂലങ്ങൾ അംഗീകരിച്ചാൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ തെളിവായി ഇഡി ഉന്നയിക്കുന്നതെല്ലാം ഇല്ലാതാകും.