

എറണാകുളം: കൊച്ചിയില്‍ ലഹരി മാഫിയ കിങ്പിന്‍ കെവിന്‍ പിടിയിലായ കേസില്‍ അന്വേഷണം ഡോക്ടര്‍മാരിലേക്കും നീങ്ങുന്നു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ലഹരി ഉപയോഗിക്കാറുണ്ടെന്നായിരുന്നു മുഖ്യപ്രതി കെവിൻ നൽകിയ മൊഴി. ഡോക്ടർമാരുടെ മൊഴി ഉടൻ എടുക്കാനാണ് സംഘത്തിന്റെ നീക്കം. കെവിന്റെ കൂടുതൽ ഏജന്റുമാർക്കായുള്ള അന്വേഷണവും ഊർജിതമാണ്.
തൃക്കാക്കര പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഡോക്ടർമാർ ലഹരി ഉപയോഗിക്കാറുണ്ടെന്ന ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. കെവിന്റെ രണ്ട് ഏജന്റുമാർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. കെവിന്റെ ലഹരി വിതരണ ശൃഗലയിലുള്ളത് വമ്പന്മാരാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഡിജെ പാർട്ടിക്ക് എത്തുന്ന ഡോക്ടർമാർക്കും, സിനിമ തരങ്ങൾക്കും ലഹരി കൈമാറിയിരുന്നുവെന്നായിരുന്നു കെവിന്റെ മൊഴി. ഇയാളിൽ നിന്ന് 100 ഗ്രാം വീതം എടുത്ത് വിതരണം ചെയുന്ന മൂന്നുപേരെ കഴിഞ്ഞ ദിവസങ്ങളിൽ ഡാൻസഫ് പിടികൂടിയിരുന്നു. അതേസമയം, ആഡംബര ഹോട്ടലിലെ വൈറ്റ് കോളർ പാർട്ടിയിൽ കെവിന്റെ അറസ്റ്റ് രേഖപെടുത്തും. കെവിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം ഊർജിതമാണ്.
കഴിഞ്ഞ മാസമാണ് വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി നടന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കെവിനാണ് ലഹരി എത്തിച്ചുനല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ കൊച്ചി നഗരത്തിലെ ലഹരി മാഫിയയുടെ കിങ്പിന്‍ ആണെന്നും കണ്ടെത്തി. പിന്നീട് ലഹരിയുമായി തൃക്കാക്കര പൊലീസ് കെവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്.