തിരുവനന്തപുരം: മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരായ ഫോൺ വിളി കേസിൽ ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം. സുജിത് ദാസിനെതിരായ പി.വി. അൻവറിന്റെ പരാതിയിൽ തെളിവില്ലെന്നും, തെളിവ് ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. വകുപ്പ് തല അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തൽ. പരാതിക്കാരനും മുൻ എംഎൽഎയുമായ പി.വി. അൻവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അംഗീകരിക്കാനാണ് സാധ്യത.
അതേസമയം, സുജിത് ദാസിന് ക്ലീൻ ചിറ്റ് നൽകിയത് തന്നെ കേൾക്കാതെയെന്ന് പി.വി. അൻവർ പ്രതികരിച്ചു. ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ല. ഫോൺ ഹാജരാക്കാൻ മാത്രമാണ് നോട്ടീസ് ലഭിച്ചത്. തെളിവ് നശിപ്പിക്കുമെന്ന ഭയത്തിലാണ് ഫോൺ നൽകാതിരുന്നതെന്നും അൻവർ പ്രതികരിച്ചു.
മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് നടത്തിയ വെളിപ്പെടുത്തലുകളും ശബ്ദരേഖകളും പി.വി. അൻവർ പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സുജിത് ദാസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ശബ്ദസന്ദേശമാണ് അൻവർ പുറത്തുവിട്ടത്. മലപ്പുറം ക്യാംപ് ഓഫീസ് വളപ്പിലെ മരം മുറിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ പരാതി പിൻവലിക്കണമെന്ന് സുജിത് ദാസ് അപേക്ഷിക്കുന്ന തരത്തിലുള്ള ശബ്ദരേഖയായിരുന്നു അൻവർ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സുജിതിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം തന്‍റെ ശബ്‍ദമല്ലെന്നും വ്യാജ നിര്‍മിതിയാണെന്നുമായിരുന്നു സുജിത് ദാസിൻ്റെ വാദം.