തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 100 കോടി കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. തുക കാണാതായിട്ട് അഞ്ച് വർഷം പിന്നിടുമ്പോഴും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സംഭവത്തിൻ്റെ തുടർനടപടികളെ കുറിച്ച് അറിയില്ലെന്നാണ് കെഎസ്ആർടിസിയുടെ വിചിത്ര മറുപടി.
2021ലാണ് കെഎസ്ആർടിസിയിലെ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. ഫണ്ട് മാനേജ്മെന്റിലെ ഗുരുതര വീഴ്ചയും രേഖകൾ സൂക്ഷിക്കാത്തതും കാരണം ക്രമക്കേടുണ്ടായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലുള്ളത്. ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കെഎസ്ആർടിസി തങ്ങളുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം. രേഖകൾ സൂക്ഷിക്കാതെ ഫണ്ട് മാനേജ്മെന്റിൽ ഉദ്യോഗസ്ഥർ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് കെഎസ്ആർടിസി, ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം വിജിലന്‍സിന് കൈമാറിയിരുന്നു.
100.75 കോടിയുടെ തിരിമറിയില്‍ കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഗതാഗത വകുപ്പടക്കം ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും വിശദ അന്വേഷണം നടന്നിരുന്നില്ല. പിന്നാലെയാണ് കെഎസ്ആര്‍ടിസി ബോര്‍ഡ് യോഗം ചേര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.