ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബുSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

കട്ടിളപ്പാളി കേസിലെയും ദ്വാരപലക കേസിലെയും പ്രതിയാണ് മുരാരി ബാബു. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിൻ്റെ വാദം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു
വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്? ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കില്ല? വിചാരണ കോടതിയുടെ ചോദ്യങ്ങൾ

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ ധർണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ആൻറോ ആൻറണിക്കാണ് പ്രതിഷേധത്തിൻ്റെ ഏകോപനം. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com