തൃശൂർ: ബിഷപ്പ് ജോസഫ് പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷന്മാരാണ്. അത് കക്ഷിരാഷ്ട്രീയത്തിനോട് ചേർന്ന് നിൽക്കുന്നതല്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയുടെ അഭിപ്രായമല്ലെന്നും മാർ പോളി കണ്ണൂക്കാടൻ വ്യക്തമാക്കി.
കന്യാസ്ത്രീകളുടെ അറസ്റ്റ് അന്യായവും അകാരണവുമാണെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നും കേസ് പിൻവലിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ബജ്‌റംഗ്‌ദൾ ഉൾപ്പെടെയുള്ള മത സംഘടനകളുടെ പേരിലും ട്രെയിൻ ടിടിഇയുടെ പേരിലും കേസെടുക്കണം. ഇത്തരം തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ജാമ്യം കിട്ടിയത് ആശ്വാസമല്ലെന്നും ബിഷപ്പ് പറഞ്ഞു. നിബന്ധനകളോടെ ആണ് ജാമ്യം നൽകിയിട്ടുള്ളത്. കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും എന്നും ബിഷപ്പ് അറിയിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയ ലേഖനം വായിച്ചതിനു പിന്നാലെയായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രം വാക്ക് പാലിച്ചതില്‍ എന്നതില്‍ സന്തോഷമുണ്ടെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിയെന്നുമാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയാണ് വിമർശനങ്ങള്‍ക്ക് കാരണമായത്.