സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്ക ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടായൽ സുരക്ഷിത സ്ഥാനത്തേക്ക് പോകാനുള്ള വഴി എല്ലാവരും മനസിലാക്കിവെയ്ക്കുക, മണൽ ഭിത്തികൾ വെള്ളപ്പൊക്കത്തിൽ തകരാൻ സാധ്യത ഉള്ളതിനാൽ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സിമൻ്റും ഇഷ്ടികയും കൊണ്ടുള്ള ഉറപ്പേറിയ ഭിത്തികൾ നിർമിക്കമെന്നും കാലവസ്ഥാ വകുപ്പ് അറിയിക്കുന്നു. അടുപ്പുകൾ, വാട്ടർ ഹീറ്റർ, വൈദ്യുത പാനലുകൾ എന്നിവ ഉയർത്തി സ്ഥാപിക്കുക, എന്നീ നിർദേശങ്ങളാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൂടാതെ എമർജൻസി കിറ്റ് കൈയ്യിൽ കരുതണമെന്നും, അതിനായി കൊണ്ടു നടക്കാവുന്ന ടോർച്ച്, റേഡിയോ, ബാറ്ററികൾ, ശുദ്ധജലം, ഭക്ഷണസാധനങ്ങൾ, തീപ്പെട്ടി, മെഴുകുതിരി, രേഖകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ബാഗ്, കുട, പാമ്പുകളിൽ നിന്നും രക്ഷനേടുന്നതിനായി മുളവടി, പ്രഥമ ശ്രുശൂഷ മരുന്നുകൾ എന്നിവ കൈയ്യിൽ കരുതണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ടിവിയിലോ റേഡിയോയിലോ വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക, ആവശ്യമായ ഭക്ഷണവും വെള്ളവും തയ്യാറാക്കി വെയ്ക്കുക, വെള്ളപ്പൊക്കം ഉണ്ടായാൽ ഏതൊക്കെ രേഖകളാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതെന്ന് മുൻകൂട്ടി തീരുമാനിക്കുക എന്നിങ്ങനെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്താനാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.