ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. നാട്ടിലെത്തിച്ച മൃതദേഹത്തിൽ ആന്തരികാവയങ്ങൾ പലതും നീക്കം ചെയ്തിട്ടുള്ളതായി സൂചന. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ അവ്യക്തതയുള്ളതായാണ് നിഗമനം. സംഭവത്തിൽ ഷാർജയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴിയെടുക്കുന്ന കാര്യവും പരിഗണനയിലാണ്. തിരുവനന്തപുരത്ത് നടത്തിയ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ എംബസിയെ അറിയിക്കും. ശരീരത്തിൽ ഒന്നിലധികം ഭാഗങ്ങളിൽ മുറിവുകളും ചതവുകളുമുണ്ട്. മറ്റൊരാൾ ഏൽപ്പിച്ച മുറിവുകളാണോ ഇവയെന്ന് പരിശോധിക്കും.
അതേസമയം, വിപഞ്ചികയുടെ ഭർത്താവിനെ ഉടൻ നാട്ടിലെത്തിക്കാനാണ് പൊലീസിൻ്റെ നീക്കം. കുടുംബം ആരോപിക്കുന്ന കാര്യങ്ങളില്‍ കൃത്യത വരുത്താന്‍ നീതീഷിന്റെ വിശദമായ മൊഴിയെടുക്കും. നീതീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ഉൾപ്പടെ പരിഗണനയിലാണെന്നും ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബി. കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വിപഞ്ചികയുടെ സംസ്കാരം കഴിഞ്ഞദിവസം പൂർത്തിയായി. മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിലാണ് സംസ്കരിച്ചത്. മകൾ വൈഭവിയുടെ മൃതദേഹം ജൂലൈ 17നു ദുബായിൽ സംസ്കരിച്ചിരുന്നു. ജുലൈ എട്ടിനാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.