
കോഴിക്കോട്: സിപിഐഎമ്മിനെതിരെ തുറന്നടിച്ച് ജമാഅത്തെ ഇസ്ലാമി. കോഴിക്കോട് നടന്ന വിശദീകരണ യോഗത്തിലാണ് വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഐഎം ബോധപൂര്‍വം തീവ്രവാദ ചാപ്പകുത്തുന്നു. ഇസ്ലാമോഫോബിയ ഉണ്ടാക്കുന്നതില്‍ സിപിഐഎം വിദഗ്ധരാണെന്നും വിമര്‍ശനം.
സെക്യൂലറിസത്തിന്റെ അമിത ഡോസ് കൊടുത്തു വളര്‍ത്തിയ അണികളെ പിടിച്ചു നിര്‍ത്താന്‍ ജമാത്തെഇസ്ലാമിയെ മത തീവ്രവാദികളാക്കുന്ന അധിക ഡോസ് നല്‍കുകയാണ്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് രൂപീകരിച്ചത് പൊതുനന്മയെ മുന്‍നിര്‍ത്തിയാണ്.
പാര്‍ട്ടി ഗ്രാമങ്ങളില്‍ കൊലപാതകം നടത്തി ഇരിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ല. ഉറുദിവില്‍ ജമാഅത്തെ ഇസ്ലാമിയുടെ അര്‍ത്ഥം ഇസ്ലാമിക സംഘം എന്നാണ്. സഖാക്കള്‍ ആവേശത്തോടെ വിളിക്കുന്ന ഇങ്ക്വിലാബ് അറബിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാമാണ് വലിയ ഭീകരത എന്ന് പ്രചരിപ്പിക്കുകയാണ് സിപിഐഎം ചെയ്യുന്നത്.
മൃദുഹിന്ദുത്വത്തെ പുണരാന്‍ ജമാഅത്തെ ഇസ്ലാമിയെ ഭീകരവാദികളാക്കുകയാണ്. മതരാഷ്ട്രവാദം പറഞ്ഞ് സിപിഐഎം ഹിന്ദു വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. വൈരുധ്യാത്മക ഭൗതികവാദം അണികളോട് ഇന്ന് പറയാന്‍ സിപിഐഎമ്മിന് കഴിയില്ല. ജമാഅത്തെ ഇസ്ലാമിയെ പറ്റി എന്തെങ്കിലും ഇല്ലാക്കഥ പറഞ്ഞാല്‍ വിലപ്പോവില്ല. അങ്ങനെ പൂട്ടിപ്പോകുമെന്ന് കരുതേണ്ട.
എട്ട് വര്‍ഷത്തെ ഭരണം കൊണ്ട് എല്‍ഡിഎഫിന് എന്താണ് പറയാനുള്ളത്. ഭരണനേട്ടം പറയാനില്ലാത്ത സിപിഐഎം ജമാഅത്തെ ഇസ്ലാമിക്കെതിരെ പറയുകയാണ്. പാഠപുസ്തകങ്ങളില്‍ പലതും തിരുകിക്കയറ്റുന്നു. ജമാഅത്തെ ഇസ്ലാമി ഒരു ആവേശ കമ്മിറ്റിയാണെന്ന് സിപിഐഎം കരുതേണ്ട.
എട്ട് വര്‍ഷത്തെ പിണറായി ഭരണത്തില്‍ കേരളത്തിലെ സമുദായങ്ങളില്‍ വലിയ ഭിന്നിപ്പ് ഉണ്ടായി എന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. ജമാഅത്തെ ഇസ്ലാമി ഒരു ആദര്‍ശ പ്രസ്ഥാനമാണ്. മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ ചേര്‍ത്തുവെക്കുന്ന സിപിഐഎം നിലപാട് ദുഷ്ടലാക്കു മാത്രമാണ്. തിയോക്രസി ആണ് നിങ്ങളുടെ ആധിയെങ്കില്‍ അത് വായിക്കണം. മതത്തിന്റെ പേരിലുള്ള ചൂഷണത്തെ ജമാഅത്തെ ഇസ്ലാമി എതിര്‍ക്കും. മത പൗരോഹിത്യവും മതേതര പൗരോഹിത്യവും ഒരേ പോലെ എതിർക്കണമെന്നും ജമാഅത്തെ ഹിന്ദ് കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുള്ള കോയ തങ്ങള്‍ പറഞ്ഞു.