ഗുരുവായൂർ: ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ഇറങ്ങിയതിന് പിന്നാലെ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്താനൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്രത്തിന് അശുദ്ധി ഉണ്ടായതിനെ തുടർന്ന് ആറു ദിവസത്തെ പൂജകൾ വീണ്ടും നടത്താനും ദേവസ്വം ബോർഡ് തീരുമാനിച്ചു. പ്രത്യേക പൂജകൾ നടത്താൻ തീരുമാനിച്ചതോടെ നാളെ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ഇതേതുടർന്ന് നാളെ ഉച്ചവരെയാണ് ക്ഷേത്രത്തിൽ ഭക്തർക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഹിന്ദുവായ യുവതി റീല്‍സ് ചിത്രീകരിക്കാന്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളത്തിൽ പുണ്യാഹം നടത്തുന്നത്.
കഴിഞ്ഞദിവസമാണ് ജാസ്മിൻ ക്ഷേത്രക്കുളത്തിൽ ഇറങ്ങി വീഡിയോ ചിത്രീകരിച്ചത്. സംഭവം ചൂണ്ടിക്കാട്ടി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ക്ഷേത്രത്തിൻ്റെ ഭാഗം എന്ന നിലയിൽ ക്ഷേത്രക്കുളത്തിലും വീഡിയോ ചിത്രീകരണത്തിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ജാസ്മിൻ ജാഫർ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തീര്‍ഥക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.
അതേസമയം, റീൽസ് ചിത്രീകരണത്തിൽ ജാസ്മിൻ ജാഫർ ക്ഷമാപണവും നടത്തിയിരുന്നു. ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് താരം ക്ഷമാപണം നടത്തിയത്. ‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, എന്നാണ് ജാസ്മിൻ ജാഫർ സമൂഹ മാധ്യമത്തിൽ കുറിച്ചത്.