
കോട്ടയം: മുണ്ടക്കയം മേഖലയിൽ വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പുത്തൻചന്തയിൽ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ടൗണിനോട് ചേർന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗത്താണ് രോഗം വ്യാപിച്ചിരിക്കുന്നത്.
മുണ്ടക്കയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് ടൗണിന് സമീപം പുത്തൻചന്തയിലും രോഗവ്യാപനം കണ്ടെത്തിയത്. ഇതുവരെ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അഞ്ച് കിണറുകളാണ് ഉപയോഗിക്കുന്നത്.
ഇവിടെ നിന്ന് വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പ്രദേശത്ത് കൂടുതൽ ആളുകളും സെപ്റ്റിക് ടാങ്കുകൾ ഉപയോഗിക്കത്തതും രോഗവ്യാപനത്തിന് കാരണമായിട്ടുള്ളതായി ആരോഗ്യവകുപ്പ് പറയുന്നു.
കിണറുകളിലെ വെളളത്തിന്റെ സാമ്പിള്‍ ശേഖരിച്ച്, പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ ബോധവത്കരണവും നടത്തി.