ഇടുക്കിയിലെ ജീപ്പ് സഫാരി നിരോധനം: ഉത്തരവ് പിൻവലിക്കണമെന്ന് സിപിഐഎം നേതൃത്വം

പരിശോധനകൾ നടത്താൻ സമയം നൽകിയ ശേഷം നടപടി സ്വീകരിക്കാമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI
Published on

ഇടുക്കി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ജീപ്പ് സഫാരി നിരോധനം സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സിപിഐഎം നേതൃത്വം. പരിശോധനകൾ നടത്താൻ സമയം നൽകിയ ശേഷം നടപടി സ്വീകരിക്കാമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. അതേസമയം സഫാരി, ഓഫ് റോഡ് ജീപ്പുകൾക്ക് മാത്രമാണ് നിരോധനമെന്നും ഉടമകൾക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നതായും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി, ഓഫ് റോഡ് എന്നിവയ്ക്കുള്ള അനുമതി കഴിഞ്ഞ അഞ്ചാം തീയതിയാണ് ഉത്തരവിലൂടെ ജില്ലാ ഭരണകൂടം റദ്ദാക്കിയത്. ഉത്തരവിലെ ആശയക്കുഴപ്പം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ടൂറിസം മേഖലയ്ക്ക് പുറമെ മറ്റു മേഖലകളെയും ഉത്തരവ് ബാധിക്കുമോ എന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണമായത്. ഉത്തരവ് പൂർണമായും പിൻവലിച്ച് ഭേദഗതിയുണ്ടാക്കി നൂറുകണക്കിന് ആളുകൾ ഉപജീവനം കണ്ടെത്തുന്ന തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

പ്രതീകാത്മക ചിത്രം
ഇടുക്കിയിലെ ജീപ്പ് സഫാരി നിരോധനം: ജില്ലാ ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

അതേസമയം ഉത്തരവിനെ തെറ്റിദ്ധരിക്കേണ്ടെന്നാണ് ജില്ലാ കളക്ടർ പറയുന്നത്. കഴിഞ്ഞ ആഴ്ചയിൽ മൂന്നാർ പോതമേട് ഉൾപ്പെടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണമെന്നും ഓഫ് റോഡ്, സഫാരി ജീപ്പുകൾക്കും ഡ്രൈവർമാർക്കും, യാത്രക്കാർക്കും വേണ്ട സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് പരിശോധന എന്നും ജില്ലാ കളക്ടർ പറയുന്നു.

സബ് കളക്ടർമാർ, പഞ്ചായത്ത്, പൊലീസ് , മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ അതത് പ്രദേശങ്ങളിലെ ഓഫ് റോഡ്, ജീപ്പ് സഫാരികളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടരുടെ ഉത്തരവ്. ഇടുക്കി ടൂറിസം മേഖലയിലെ ജീപ്പ് സഫാരികളുടെ നടത്തിപ്പിന് ഏകീകരണം വേണമെന്ന് ജില്ലാ ഭരണകൂടം നിലപാട് സ്വീകരിക്കുമ്പോഴും പെട്ടന്നുള്ള നിരോധന ഉത്തരവ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് ഭരണപക്ഷ പാർട്ടികളും പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com