

മലപ്പുറം: സന്ദേശ യാത്രയുടെ മലപ്പുറം സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ലീഗുമായി മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും നാസര്‍ ഫൈസി കൂടത്തായിയെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും തങ്ങള്‍ അറിയിച്ചു.
പതാക കൈമാറുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. പതാക കൈമാറണമെന്ന് പാണക്കാട് കുടുംബത്തോട് ആവശ്യപ്പെട്ടിട്ടില്ല. നേരത്തെ നിശ്ചയിച്ചതു പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഫെബ്രുവരിയിലാണ് സമസ്തയുടെ നൂറാം വാര്‍ഷിക രാജ്യാന്തര സമ്മേളനം നടക്കുക. സാദിഖലി തങ്ങള്‍ പങ്കെടുക്കാത്തത് ഒരു പിണക്കത്തിന്റേയും ഭാഗമായല്ലെന്നും നേരത്തെ തങ്ങള്‍ പറഞ്ഞിരുന്നു.
പതാക കൈമാറ്റം പാണക്കാട് നടത്താത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ് അനുകൂലികള്‍ സന്ദേശ യാത്ര ബഹിഷ്‌കരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാണക്കാട് ഹമീദ് അലി തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിരുന്നു.
സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരില്‍ നിന്നായിരുന്നു പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പതാക സ്വീകരിച്ചത്. ഉമര്‍ ഫൈസി മുക്കത്തെ യാത്രയുടെ ഡയറക്ടറാക്കിയതിലും അതൃപ്തിയുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
സമവായത്തിനായി രൂപീകരിച്ച സമ്മേളന കോര്‍ഡിനേഷന്‍ കമ്മറ്റിയെ നിര്‍ജീവമാക്കിയന്നും വിമര്‍ശനമുണ്ട്. സന്ദേശയാത്ര ഇന്ന് കന്യാകുമാരി നാഗര്‍കോവിലില്‍ വൈകീട്ട് 4 മണിക്ക് ആണ് ഉദ്ഘാടനം. ഡിസംബര്‍ 19 -26 വരെയാണ് യാത്ര.